ബംഗളൂരു > ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ സമ്മതിക്കുന്നില്ലെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ് എടുത്ത ശേഷം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച നടപടി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. പൊലീസ് നടപടിക്ക് എതിരെ ഭർത്താവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സ്റ്റേ ഓർഡർ.
ദമ്പതികൾക്ക് കുഞ്ഞ് ഉണ്ടായതിനു ശേഷം ഭാര്യയ്ക്ക് അമിത ഭാരവും രക്തസമ്മർദവും ഉണ്ടായി. അതിനാൽ ആരോഗ്യസ്ഥിതി മോശമാകരുതെന്ന് കരുതിയാണ് ആഹാര നിയന്ത്രിച്ചതെന്ന് ഭർത്താവ് ഹർജിയിൽ പറഞ്ഞിരുന്നു.
ഫ്രഞ്ച് ഫ്രൈസ്,ചോറ്,മാംസം എന്നിവ കഴിക്കുവാൻ സമ്മതിക്കുന്നില്ല എന്നാണ് ഭാര്യ പരാതിപ്പെട്ടത്. ഇതു പ്രകാരം പൊലീസ് സ്ത്രീധനപീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് കേസ് എടുത്തു. ഈ വകുപ്പുകൾ ചുമത്തിയത് ആശ്ചര്യപ്പെടുത്തുന്നു എന്ന് ഹൈക്കോടതി വ്യക്തമാക്കി.
അധികാര ദുർവിനിയോഗമാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിലൂടെ പൊലീസ് ചെയ്തതെന്നും കോടതി പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കേണ്ട ഒരു കുറ്റകൃത്യവും നടന്നിട്ടില്ല. ഭർത്താവ് യുഎസിൽ പോകുന്നത് തടയാൻ പരാതിക്കാരിയുടെ നീക്കമായിരുന്നു ഇത് എന്നു മാത്രമേ കാണാൻ കഴിയൂ എന്നും കോടതി വിലയിരുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..