ന്യൂഡൽഹി
വിളകൾക്ക് മിനിമം താങ്ങുവില(എംഎസ്‌പി) അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബ്–-ഹരിയാന അതിർത്തിയിലെ ഖന്നൗരിയിൽ അനിശ്‌ചിതകാല നിരാഹാരം അനുഷ്‌ഠിക്കുന്ന കർഷകനേതാവ് ജഗ്‌ജിത് സിങ് ദല്ലേവാളിന്റെ ജീവൻ രക്ഷിക്കണമെന്ന് സംയുക്ത കിസാൻ മോർച്ച(എസ്‌കെഎം) ആവശ്യപ്പെട്ടു. കർഷകപ്രസ്ഥാനങ്ങൾ കൂടുതൽ ഐക്യത്തോടെ നീങ്ങുന്നത് സംബന്ധിച്ച് പാട്യാലയിൽ നടന്ന ചർച്ചയിൽ എസ്‌കെഎം പ്രതിനിധികൾ പങ്കെടുത്തു. രത്തൻ മൻ, ദർശൻ പാൽ, പന്നു പാന്തർ, പി കൃഷ്‌ണപ്രസാദ്, ബൽബീർ സിങ് രജെവാൾ, രമീന്ദർ സിങ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ദല്ലേവാളിന്റെ ജീവൻ രക്ഷിക്കുക, ഗ്രേറ്റർ നോയിഡയിലെ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർക്കുക, കോർപറേറ്റ് അനുകൂല കാർഷിക വിപണന നയചട്ടക്കൂട് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 23ന് പ്രതിഷേധദിനം ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തു.
പഞ്ചാബിൽനിന്നെത്തിയ ഡൽഹി ചലോ മാർച്ചിനെ ഹരിയാന പൊലീസ് തടഞ്ഞതിനെ തുടർന്നാണ് കിസാൻ മോർച്ച(രാഷ്‌ട്രീയേതര വിഭാഗം) നേതാവ് ദല്ലേവാൾ നിരാഹാരം തുടങ്ങിയത്. കുറച്ച് ദിവസമായി വഷളായ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കാൻ പഞ്ചാബ് സർക്കാർ ഖന്നൗരിയിൽ താൽക്കാലിക ആശുപത്രി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..