13 November Wednesday

ജഹാംഗിർപുരിയിൽ സഹായ ഹസ്‌തവുമായി സിപിഐ എം; ബുൾഡോസർ ചതച്ചരച്ച ഉന്തുവണ്ടികൾക്ക്‌ പകരം പുതിയവ

സ്വന്തം ലേഖകൻUpdated: Tuesday May 3, 2022

ന്യൂഡൽഹി > വടക്ക്‌ പടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗിർപുരിയിൽ അനധികൃത ഒഴിപ്പിക്കലിൽ ജീവനോപാധികൾ  നഷ്‌ടപ്പെട്ടവർക്ക്‌ സഹായ ഹസ്‌തവുമായി സിപിഐ എം. ബിജെപി കോർപറേഷൻ ബുൾഡോസർ കൊണ്ട്‌ ചതച്ചരച്ച ഉന്തുവണ്ടികൾക്ക്‌ പകരം പുതിയവ ഡൽഹി സംസ്ഥാന കമ്മിറ്റി വാങ്ങി നൽകി.

തിങ്കളാഴ്‌ച ജഹാംഗിർപുരിയിൽ പൊളിറ്റ്‌ ബ്യുറോ  അംഗം ബൃന്ദ കാരാട്ടാണ്‌ ഇവ കൈമാറിയത്‌.  നേരത്തെ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ സർവേയിൽ നാശനഷ്‌ടം സംഭവിച്ച 98 കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ആദ്യ ഘട്ടമെന്ന നിലയിൽ ഇവർക്ക്‌ ഭക്ഷ്യകിറ്റുകൾ നൽകിയിരുന്നു. രണ്ടാം ഘട്ടമെന്ന നിലയിലാണ്‌ 20 പേർക്ക്‌ ഉന്തുവണ്ടികൾ നൽകിയത്‌.

30 പേർക്ക്‌ കൂടി അടുത്ത ദിവസം വണ്ടികൾ കൈമാറും. ന്യൂനപക്ഷ മേഖലയായ ഇവിടെ വീടുകൾക്ക്‌ പുറമേ നിരവധി ഉന്തുവണ്ടികളും കടകളും ബുൾഡോസർ  ഉപയോഗിച്ച്‌ ബിജെപി തകർത്തിരുന്നു. ജീവനോപാധി നഷ്‌ടപ്പെട്ടതോടെ റംസാൻ കാലത്ത്‌ നിരവധി കുടുംബങ്ങളാണ്‌ പട്ടിണിയിലേയ്‌ക്ക്‌ എടുത്തെറിയപ്പെട്ടത്‌. കടം വാങ്ങിയും ലോണെടുത്തും വാങ്ങിയവയാണ്‌ ബുൾഡോസറുകൾ തകർത്തത്‌. ഇരകൾക്ക്‌ സുപ്രീംകോടതിലടക്കം ലോയോഴ്‌സ്‌ യൂണിയൻ സഹകരണത്തോടെ നിയമസഹായം പാർടി നൽകി വരികയാണ്‌. ചടങ്ങിൽ ഡൽഹി സംസ്ഥാന സെക്രട്ടറി കെഎം തിവാരി, പുഷ്‌പിന്ദർ ഗ്രവാൾ, ആശാ ശർമ  തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top