ന്യൂഡൽഹി
ജാമിയ മിലിയയിൽ വെടിയുതിർത്ത സംഘപരിവാർ പ്രവർത്തകനെ തടയാതെനിന്ന ഡൽഹി പൊലീസ് വെടിയേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയാറായില്ലെന്ന് ക്യാമ്പസിലെ രണ്ടാംവർഷ എൽഎൽബി വിദ്യാർഥിനിയും എസ്‌എഫ്‌ഐ ഓർഗനൈസിങ് കമ്മിറ്റി അംഗവുമായ അബ്രീദ ബാനു. പ്രക്ഷോഭം തുടരുമെന്നും കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ അബ്രീദ പറഞ്ഞു.
വെടിയേറ്റ ഷദാബ് ഫറൂഖിനെ ആശുപത്രിയിലെത്തിക്കാൻ റോഡിലെ ബാരിക്കേഡുകൾ മാറ്റാൻ വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടും പൊലീസ് തയ്യാറായില്ല. ചോരയൊലിക്കുന്ന കൈയുമായി ബാരിക്കേഡിനു മുകളിലൂടെ ചാടിയാണ് ആശുപത്രിയിലെത്തിയത്. വെടിയേറ്റ ഷദാബിനൊപ്പം ഉണ്ടായിരുന്നവരേയും പൊലീസ് തടഞ്ഞു. വിദ്യാർഥികൾ പ്രതിഷേധിച്ചതോടെയാണ് ഒപ്പം പോകാൻ അവരെ അനുവദിച്ചത്.
വിദ്യാർഥികളുടെ സമരം രാജ്യത്തിനാകെ വേണ്ടിയാണ്. പൗരത്വ ഭേദഗതി നിയമം കേവലം മുസ്ലിം വിരുദ്ധമല്ല, ഭരണഘടനാ വിരുദ്ധമാണ്. മൗലിക അവകാശങ്ങളെ ഹനിക്കുന്ന നിയമത്തെയാണ് ചോദ്യം ചെയ്യുന്നത്. എന്തൊക്കെ പ്രതിരോധവും ആക്രമണവും ഉണ്ടായാലും നിയമം പിൻവലിക്കുംവരെ എല്ലാവരും ഒരുമിച്ചു മുന്നോട്ടുപോകും–- അബ്രീദ ബാനു പറഞ്ഞു.
വെടിവയ്‌ക്കുന്നത് നോക്കിനിന്നത് 300ൽപരം പൊലീസുകാർ
ജാമിയ വിദ്യാർഥിക്കുനേരെ സംഘപരിവാർ അക്രമി ഗോപാൽ ശർമ വെടിവയ്‌ക്കുന്നത് നോക്കിനിന്നത് നൂറുകണക്കിന് പൊലീസുകാർ. 300 പൊലീസുകാരെയും 12 എസ്‌എച്ച്‌ഒമാരെയും അഞ്ച് കമ്പനി സിആർപിഎഫ് സേനാംഗങ്ങളെയുമാണ് ഇവിടെ വിന്യസിച്ചിരുന്നത്. സരായ് ജുല്ലേന, ഹോളി ഫാമിലി ആശുപത്രി, സുഖ്‌ദേവ് വിഹാർ എന്നിവിടങ്ങളിലായാണ് സേനാംഗങ്ങൾ നിലയുറപ്പിച്ചിരുന്നത്. ഇതിനിടയിലൂടെയാണ് തോക്കുയർത്തി എത്തിയ ഗോപാൽ ശർമ വെടിവച്ചത്. അക്രമിയുടെ പിന്നിലായിരുന്നു തങ്ങളെന്നും കൈയിലുള്ളത് മൊബൈൽ ഫോണാണെന്ന് കരുതിയെന്നുമാണ് പൊലീസ് ഭാഷ്യം.ഡിസംബർ 15ന് അനുവാദമില്ലാതെ ജാമിയയിൽ കടന്ന് വിദ്യാർഥികളെ പൊലീസ് മർദിച്ചതും ജനുവരി അഞ്ചിന് ജെഎൻയു ക്യാമ്പസിൽ മുഖംമൂടിയണിഞ്ഞ സംഘപരിവാറുകാർ അഴിഞ്ഞാടിയത് തടയാതെ നോക്കിനിന്നതും വിമർശിക്കപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..