ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടിക തമ്മിലടിയെ തുടർന്ന് ബിജെപി കേന്ദ്ര നേതൃത്വം പിൻവലിച്ചു. ആദ്യം ഇറക്കിയ 44 പേരുള്ള പട്ടികയാണ് ഒരുമണിക്കൂറിനുള്ളിൽ വെട്ടിയത്. തുടർന്ന് ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 16 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാത്രം പ്രഖ്യാപിച്ചു. കാലങ്ങളായി ബിജെപിക്കൊപ്പം നിൽക്കുന്ന നേതാക്കളെ തഴഞ്ഞെന്ന് ആരോപിച്ച് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധം നടന്നു. കൂറുമാറിയെത്തിയവർക്കാണ് പരിഗണന നൽകിയതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
അനുകൂലമാംവിധം മണ്ഡല പുനർനിർണയം നടത്തി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് ബിജെപിയിൽ തമ്മിലടി രൂക്ഷമായത്. നരേന്ദ്ര മോദി, അമിത് ഷാ, ജെ പി നദ്ദ തുടങ്ങിയ നേതാക്കൾ കൂടിയാലോചിച്ച് തയ്യാറാക്കിയ പട്ടിക ഒറ്റയടിക്ക് പിൻവലിക്കേണ്ടി വന്നത് ബിജെപിക്ക് നാണക്കേടായി.
മുൻ ഉപമുഖ്യമന്ത്രിമാരായ നിർമൽ സിങ്, കവീന്ദർ ഗുപ്‌ത, മുൻ മന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായിരുന്ന സത്‌പാൽ ശർമ തുടങ്ങിയവർ ആദ്യ പട്ടികയിൽ തഴയപ്പെട്ടിരുന്നു. നാഷണൽ കോൺഫറൻസിൽനിന്ന് കൂറുമാറിയെത്തിയ ദേവേന്ദർ സിങ് റാണ (കേന്ദ്ര മന്ത്രി ജിതേന്ദർ സിങിന്റെ സഹോദരൻ), എസ് എസ് സലാഠിയ, കോൺഗ്രസിൽനിന്നെത്തിയ ശ്യാംലാൽ ശർമ തുടങ്ങിയവർ ഇടംപിടിച്ചു. പുൽവാമയിലെ നേതാവും ജില്ലാ വികസന കൗൺസിൽ അംഗവുമായ മിൻഹ ലത്തീഫ് പാംപോറിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർടി വിട്ടു.
ജമ്മുവിലെ എട്ട് സീറ്റിലും കശ്‌മീരിലെ 16 സീറ്റിലുമാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. ഇതിൽ കശ്‌മീരിലെ എട്ട് സീറ്റിലൊഴികെ മറ്റ് സീറ്റുകളിൽ ബിജെപിക്ക് സ്ഥാനാർഥികളായി. പത്രികാസമർപ്പണം ചൊവ്വാഴ്‌ച അവസാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..