ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ ആദ്യം പുറത്തുവിട്ട സ്ഥാനാർഥിപട്ടിക തമ്മിലടിയെതുടർന്ന് പിൻവലിക്കേണ്ടി വന്ന ബിജെപി ചൊവ്വാഴ്‌ച 29 പേരുകൾകൂടി പുറത്തുവിട്ടു. 44 പേരുള്ള പട്ടിക പിൻവലിച്ച് 16 സ്ഥാനാർഥികളെ തിങ്കളാഴ്‌ച പ്രഖ്യാപിച്ചിരുന്നു. ഇതോടെ 90 സീറ്റുകളിൽ 45 ഇടത്ത് ബിജെപിക്ക് സ്ഥാനാർഥികളായി. തീവ്രവാദ ഭീഷണി രൂക്ഷമായ തെക്കൻ കശ്‌മീരിലെ എട്ട് സീറ്റിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല. തർക്കം രൂക്ഷമായ പല മണ്ഡലങ്ങളിലും ബിജെപിക്ക് തീരുമാനമായിട്ടില്ല. മുതിർന്ന നേതാക്കളായ നിർമ്മൽ സിങ്, കവീന്ദർ ഗുപ്‌ത, സത്‌പാൽ ശർമ്മ തുടങ്ങിയവർക്ക് സീറ്റ് നിഷേധിച്ചതാണ് ബിജെപിയിലെ തമ്മിലടി രൂക്ഷമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവർ മത്സരിച്ച ബിലാവർ, ആർഎസ് പുര–- ജമ്മു സൗത്ത്, ജമ്മു വെസ്‌റ്റ് എന്നിവിടങ്ങളിൽ ബിജെപിക്ക് സ്ഥാനാർഥികളായിട്ടില്ല.
നാഷണൽ കോൺഫറൻസ് 18 സീറ്റിലും കോൺഗ്രസ് ഒമ്പത് സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജമ്മു -കശ്‌മീരിലെ 51 സീറ്റിൽ നാഷണൽ കോൺഫറൻസും 32 സീറ്റിൽ കോൺഗ്രസും സഖ്യത്തിലാണ് മത്സരിക്കുന്നത്. അഞ്ച് സീറ്റുകളിൽ ഇരുപാർടികളും തമ്മിൽ സൗഹൃദമത്സരമുണ്ടാകും. പിഡിപി 21 സീറ്റിൽ മത്സരിക്കും. മുൻ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിയുടെ മകൾ ഇൽതിജ മുഫ്‌തി ബിജ്‌ബെഹാരയിൽ മത്സരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..