26 December Thursday

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; ലഷ്കര്‍ കമാൻഡറടക്കം 
3 ഭീകരരെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ ശ്രീനഗറിലെ ഖാൻയാർ മേഖലയിൽ സുരക്ഷ ശക്തമാക്കിയപ്പോൾ 



ശ്രീന​ഗർ
ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു.  അനന്ത്നാ​ഗിലെ ​ഹൽക്കൻ ​​ഗലി പ്ര​ദേശത്ത് രണ്ടു ഭീകരരെയും ശ്രീന​ഗറിലെ ഖാൻയാറിൽ ഒരാളെയുമാണ് വധിച്ചത്. ഖാൻയാറിൽ കൊല്ലപ്പെട്ടത് ലഷ്കറെ തായ്ബയുടെ മുതിർന്ന കമാൻഡർ പാക് ഭീകരൻ ഉസ്മാൻ ആണെന്ന് പൊലീസ് അറിയിച്ചു. 2023ൽ ഇൻസ്പെക്ടർ മസ്റൂർ വാനിയുടെ കൊലപാതകത്തിലടക്കം   കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടയാണ് ഉസ്മാൻ. ഖാൻയാറിലെ ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഭീകരരുണ്ടെന്ന വിവരത്തെ തുടർന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ശനി രാവിലെ മുതൽ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

അഖ്നൂരിൽ ആർമിയുടെ ആംബുലൻസിനുനേരെ വെടിയുതിർത്ത് മൂന്ന് ഭീകരരെ ഒക്ടോബർ 29ന് സുരക്ഷാസേന വധിച്ചിരുന്നു. കഴി‍ഞ്ഞദിവസം ബഡ്​ഗാം ജില്ലയിൽ രണ്ട്  യുപി സ്വദേശികളായ തൊഴിലാളികൾക്കുനേരെ ഭീകരർ വെടിയുതിർത്തിരുന്നു. കശ്മീരിൽ രണ്ടാഴ്ചയ്ക്കിടെ ഇതര സംസ്ഥാന തൊഴിലാളികൾക്കുനേരെ നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണിത്.  ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ അധികാരമേറ്റ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഈ ആക്രമണങ്ങൾക്കു പിന്നിലെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്​ദുള്ള ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top