ചണ്ഡീഗഡ് > ബതിൻഡ മിലിട്ടറി സ്റ്റേഷനിലെ നാല് സഹപ്രവർത്തകരെ കൊലപ്പെടുത്തിയ ജവാന് ജീവപര്യന്തം തടവ് ശിക്ഷ. ആന്ധ്രാ പ്രദേശ് സ്വദേശി ദേശായി മോഹൻ എന്നയാൾക്കാണ് ജനറൽ കോർട്ട് മാർഷൽ ശിക്ഷ വിധിച്ചത്. ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ടു.
ബതിൻഡ മിലിട്ടറി സ്റ്റേഷനിൽ 2023 ഏപ്രിൽ 12നായിരുന്നു സംഭവം. ഓഫീസർമാരുടെ മെസ്സിനു സമീപം മുറിയിൽ ഉറങ്ങിയിരുന്ന നാല് സഹപ്രവർത്തകരെയാണ് ദേശായി മോഹൻ വെടിവച്ചു കൊലപ്പെടുത്തിയത്. സാഗർ ബാനെ, കമ്‌ലേഷ് ആർ, സന്തോഷ് നഗരാൾ, യോഗേഷ് കുമാർ ജി എന്നിവരെയാണ് മോഹൻ കൊലപ്പെടുത്തിയത്.
ഏപ്രിൽ 13ന് ബതിൻഡ പൊലീസ് മോഹനെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് 19 ബുള്ളറ്റ് ഷെല്ലുകൾ ബതിൻഡ ജില്ലാ പൊലീസ് കണ്ടെത്തി. ഏപ്രിൽ ഒമ്പതിന് സൈനിക യൂണിറ്റിൽ നിന്നും ഒരു ഇൻസാസ് റൈഫിളും മാഗസിനും കാണാതായിരുന്നു. ബതിന്‌ഡ പൊലീസ് കൊലപാതകം നടന്ന ദിവസം റൈഫിലും കണ്ടെത്തിയിരുന്നു.
ആർമി ആക്ട് സെക്ഷൻ 125 പ്രകാരം സിവിൽ കോടതിയിൽ നിന്ന് ആർമി കേസ് ഏറ്റെടുത്ത് കോർട്ട് മാർഷൽ നടത്തി. കൊല്ലപ്പെട്ട നാല് ജവാന്മാരും പ്രതിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി മോഹൻ ആരോപിച്ചു. ഇയാളുടെ പ്രതിശ്രുത വധുവിനോട് ഫോണിൽ മോശമായി സംസാരിച്ചതും കൊലപാതകത്തിലേക്ക് നയിച്ചതായാണ് വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..