02 November Saturday
മോദി സർക്കാരിനെ തിരുത്താന്‍ ഘടകകക്ഷി

ഇസ്രയേല്‍ ചങ്ങാത്തം വേണ്ട : മോദി സർക്കാരിനെ തള്ളി ജെഡിയു

സ്വന്തം ലേഖകൻUpdated: Tuesday Aug 27, 2024


ന്യൂഡൽഹി
പലസ്‌തീൻ വിഷയത്തിൽ ഇന്ത്യയുടെ പരമ്പരാഗത നിലപാടിൽനിന്ന്‌ ചാഞ്ചാടുന്ന മോദി സർക്കാരിനെ തള്ളി എൻഡിഎയിലെ പ്രധാനകക്ഷിയായി ജെഡിയു. പലസ്‌തീനെതിരെ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ അപലപിച്ച്‌ ജെഡിയു രംഗത്തെത്തി. സംയുക്ത പ്രസ്‌താവനയിൽ പ്രതിപക്ഷ പാർടികൾക്കൊപ്പം ജെഡിയു വക്താവ്‌ കെ പി ത്യാഗിയും ഒപ്പുവെച്ചു.

ഗാസയിൽ ഇസ്രയേൽ നടത്തുന്നത്‌ നിഷ്‌ഠൂരമായ വംശഹത്യയാണെന്നും മനുഷ്യത്വത്തിനും അന്തർദേശീയ നിയമങ്ങൾക്കും വിരുദ്ധമായ കുറ്റകൃത്യമാണെന്നും ഈ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടുന്നു. നീതിയുടെയും സമാധാനത്തിന്റെയും വക്താവായ ഇന്ത്യ വംശഹത്യയുടെ ഭാഗമാകരുത്‌. ഇസ്രയേലിലേക്കുള്ള ആയുധക്കയറ്റുമതി ഉടൻ നിർത്തണം. പലസ്തീനിലെ ജനങ്ങളോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുകയും യുഎൻ രക്ഷാസമിതി പ്രമേയങ്ങൾ നടപ്പാക്കാനും ഇരകൾക്ക് സമാധാനവും നീതിയും ഉറപ്പാക്കാൻ വേഗത്തിൽ പ്രവർത്തിക്കാനും കേന്ദ്രസർക്കാരിനോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെടുന്നെന്നും -പ്രസ്‌താവനയിൽ വ്യക്തമാക്കി.

കോൺഗ്രസ്‌, എസ്‌പി, എഎപി പാർടികളും ജെഡിയുവിനൊപ്പം പങ്കെടുത്തു. ലീഗ് ഓഫ് പാർലമെന്റേറിയൻസ്‌ ഫോർ അൽ ഖുദ്‌സാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. സെക്രട്ടറി ജനറൽ മുഹമ്മദ് മക്രം ബലാവിയുമായും നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. ജനതാ പാർടിയുടെ തുടക്കം മുതൽ പലസ്തീന്‌ അനുകൂലമായ നിലപാടാണ്‌ തങ്ങളുടേതെന്ന്‌ കെ പി ത്യാഗി വിശദീകരിച്ചു. വാജ്‌പേയി സർക്കാരും പലസ്‌തീന്‌ ഒപ്പമായിരുന്നു. ഗാസയിൽ പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണം. യുഎൻ പ്രമേയങ്ങൾ മാനിക്കപ്പെടണം–-അദ്ദേഹം പറഞ്ഞു. അന്തർദേശീയ നിയമങ്ങൾ കാറ്റിൽപ്പറത്തി വംശഹത്യ തുടരുന്ന ഇസ്രയേലിനോടുള്ള ചങ്ങാത്തം അവസാനിപ്പിക്കണമെന്ന്‌ മോദി സർക്കാരിനുള്ള ഘടകകക്ഷിയുടെ സന്ദേശമാണ്‌ ജെഡിയുവിൽ നിന്നുണ്ടായതെന്നും വിലയിരുത്തപ്പെടുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top