പട്‌ന > 2000ത്തിലാണ് ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നത്. അന്നുമുതൽ ഇന്നുവരെ ജാർഖണ്ഡിൽ ഒരു സർക്കാരിനും തുടർഭരണം ലഭിച്ചിട്ടില്ല. എന്നാൽ ഇത്തവണ ജാർഖണ്ഡ് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ശനിയാഴ്ച ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാ കൂട്ടായ്‌മ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയപ്പോൾ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവെച്ച ഭിന്നിപ്പിന്റെ രാഷ്‌ട്രീയമാണ് തകർന്നുടഞ്ഞത്.
ജനുവരി 31 ന് ഭൂമി കൈയേറ്റ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏഴ് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തപ്പോൾ സ്വയം മൂടാനുള്ള കുഴിയാണ് ബിജെപി കുഴിച്ചത്.
ചോദ്യം ചെയ്യലിന് ശേഷം ഹേമന്ത് സോറനെ ബിർസ മുണ്ട ജയിലിലേക്ക് അയച്ചു. എന്നാൽ ജൂൺ 28ന് ഹേമന്തിനെ വെറുതെവിട്ട ജാർഖണ്ഡ് ഹൈക്കോടതി, അദ്ദേഹം കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാൻ കാരണമുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഇ ഡിയെക്കൊണ്ട് ഭീഷണിപ്പെടുത്തി തങ്ങളുടെ വഴിയിലേക്കാക്കുക എന്ന ബിജെപിയുടെ തന്ത്രം ജാർഖണ്ടിലെ ജനങ്ങൾ തിരിച്ചറിഞ്ഞു. ഈ തരിച്ചറിവാണ് ജാർഖണ്ഡിലെ ജനവിധിയായി പ്രതിഫലിച്ചത്.
ഹേമന്തിനെ രക്തസാക്ഷിയാക്കിക്കൊണ്ട് നടത്തിയ രാഷ്ട്രീയ മണ്ടത്തരത്തിന്റെ ആഘാതം ബിജെപി നേതൃത്വത്തിന് അളക്കാൻ കഴിഞ്ഞില്ല. ബിജെപിയുടെ കൊള്ളരുതായ്‌മക്കെതിരെയാണ് ജാർഖണ്ടിലെ ഗോത്രവർഗക്കാരും മുസ്ലിങ്ങളും വോട്ട് ചെയ്‌തതെന്ന് രാഷ്ട്രീയ നിരീക്ഷകൻ ധരംവീർ സിൻഹ പറഞ്ഞു.
പതിറ്റാണ്ടുകളായി സൗഹാർദ്ദത്തോടെ ജീവിക്കുന്ന ആദിവാസികൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ വിള്ളൽ വീഴ്ത്താനാണ് ബിജെപി ശ്രമിച്ചത്. വിഭജന രാഷ്‌ട്രീയം മുതൽക്കൂട്ടായെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ മുദ്രാവാക്യം തന്നെ 'ഹിന്ദുക്കളെ ഭിന്നിപ്പിച്ചാൽ അവരെ കശാപ്പ് ചെയ്യും'(ബാടേംഗേ തു കാടേംഗേ) എന്നായിരുന്നു.
ജാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ ആദിവാസി അവകാശങ്ങളിൽ മാറ്റം വരുത്തുമെന്നും ബിജെപി പറഞ്ഞിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർ, ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർ എന്നിവർ സംസ്ഥാനത്തിനകത്തെ ആദിവാസിയുവതികളെ വിവാഹം കഴിച്ചാൽ ഇവർക്കു ജനിക്കുന്ന കുട്ടികൾക്ക് ആദിവാസി അവകാശങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി തെരഞ്ഞെടുപ്പിൽ വ്യക്തമാക്കിയകാര്യമായിരുന്നു. ജെഎംഎം നേതൃത്വത്തിലുള്ള സർക്കാർ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകിയിട്ടുണ്ട് മുതലായ വിദ്വേഷപരാമർശങ്ങളും വിഭജന തന്ത്രങ്ങളുമാണ് ജാർഖണ്ഡിൽ ബിജെപി പയറ്റിയത്. എന്നാൽ ഞങ്ങൾ ഭിന്നിക്കില്ല. ഞങ്ങൾ അവരെ തോൽപ്പിക്കും (കാതേംഗേ നഹി, കുടേംഗേ) എന്നായിരുന്നു ഇന്ത്യാമുന്നണി ജാർഖണ്ഡിലെ വോട്ടർമാരോട് പറഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..