03 December Tuesday

ജാർഖണ്ഡില്‍ വ്യാപക റെയ്‌ഡ്‌ ; വോട്ടെടുപ്പിന്‌ തൊട്ടുമുമ്പ്‌ ഇഡിയെ രംഗത്തിറക്കി ബിജെപി

സ്വന്തം ലേഖകൻUpdated: Wednesday Nov 13, 2024



ന്യൂഡൽഹി
ജാർഖണ്ഡിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്‌ തൊട്ടുതലേന്നും എൻഫോഴ്‌സ്‌ ഡയറക്‌ടറേറ്റിനെ (ഇഡി) രംഗത്തിറക്കി ബിജെപിയുടെ രാഷ്ട്രീയനാടകം. ബംഗ്ലാദേശിൽനിന്ന്‌ നുഴഞ്ഞുകയറ്റമുണ്ടെന്ന്‌ ആരോപിച്ചുള്ള കള്ളപ്പണക്കേസിൽ ബംഗാളിലും ജാർഖണ്ഡിലുമായി വിവിധ ഇടങ്ങളിൽ ചൊവ്വാഴ്‌ച ഇഡി  റെയ്‌ഡ് നടത്തി.

വ്യാജ ആധാർകാർഡുകളും പാസ്‌പോർട്ടുകളും ആയുധങ്ങളും വസ്‌തുരേഖകളും പിടിച്ചെടുത്തതായി ഇഡി  വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.
ജാർഖണ്ഡിലേക്ക്‌ ബംഗ്ലാദേശുകാരുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന ബിജെപിയുടെ ആക്ഷേപം ശരിയെന്ന്‌ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു ഇഡി റെയ്‌ഡെന്ന്‌ ജെഎംഎം കുറ്റപ്പെടുത്തി. വോട്ടർമാരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണിതിന്‌ പിന്നിലെന്ന്‌ ജെഎംഎം വക്താവ്‌ മനോജ്‌ പാണ്ഡെ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വോട്ടർമാർ ഇഡിയുടെ വ്യാജ റെയ്‌ഡിന്‌ തക്ക മറുപടി നൽകും–- പാണ്ഡെ പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും ആഭ്യന്തര മന്ത്രി അമിത്‌ ഷാ, അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ തുടങ്ങിയ നേതാക്കൾ വർഗീയധ്രുവീകരണം ലക്ഷ്യമിട്ടുള്ള നുണപ്രചാരണം തുടർന്നു. ബിജെപി ജാർഖണ്ഡിൽ ഏക സിവിൽകോഡ്‌ നടപ്പാക്കുമെന്നും എന്നാൽ ആദിവാസികളെ അതിൽനിന്ന്‌ ഒഴിവാക്കുമെന്നും അമിത്‌ ഷാ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top