26 December Thursday

തീവ്രവർഗീയത തള്ളി ജാർഖണ്ഡ്‌ ; ജെഎംഎമ്മിനെ 
കാത്തത്‌ കൽപ്പനയും ഹേമന്തും

സ്വന്തംലേഖകൻUpdated: Sunday Nov 24, 2024

image credit hemant soren facebook


ന്യൂഡൽഹി
ജാർഖണ്ഡിൽ ജെഎംഎം മുന്നോട്ടുവെച്ച വികസന രാഷ്‌ട്രീയത്തെ ചേർത്തുപിടിച്ച വോട്ടർമാർ സംഘപരിവാറിന്റെയും ബിജെപിയുടെയും തീവ്രവർഗീയ പ്രചരണത്തെ പൂർണമായി തള്ളി. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ വൻതോതിൽ ജാർഖണ്ഡിലേക്ക്‌ എത്തുകയാണെന്നും ഹിന്ദുക്കൾ സംസ്ഥാനത്ത്‌ ന്യൂനപക്ഷമാകുന്നുവെന്നുമുള്ള പ്രചാരണമാണ്‌ ബിജെപി  നടത്തിയത്‌. ജാർഖണ്ഡ്‌ ചുമതലക്കാരനായ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമയാണ് വിദ്വേഷപ്രചാരണത്തിന്‌ ചുക്കാന്‍പിടിച്ചത്. നരേന്ദ്ര മോദിയും അമിത്‌ ഷായും ആദിത്യനാഥും ഈ വാദം  തീവ്രമായി പ്രചരിപ്പിച്ചു.  ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ ആദിവാസി പെൺകുട്ടികളെ പ്രലോഭിപ്പിച്ച്‌ വിവാഹം കഴിച്ച്‌ ഭൂമി തട്ടിയെടുക്കുകയാണെന്നും ലൗ ജിഹാദിനും ലാൻഡ്‌ ജിഹാദിനും ജെഎംഎം സർക്കാർ കൂട്ടുനിൽക്കുകയാണെന്നും  പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പ്‌ കമീഷൻ ഇത്‌ കണ്ടില്ലെന്ന്‌ നടിച്ചു.

എന്നാല്‍, ആദിവാസി അവകാശങ്ങളിൽ ഊന്നിയായിരുന്നു ജെഎംഎം പ്രചാരണം. സ്‌ത്രീകൾക്ക്‌ പ്രതിമാസം ആയിരം രൂപ അനുവദിക്കുന്ന മയ്യാ സമ്മാൻ പദ്ധതി രണ്ടായിരം രൂപയായി ഉയർത്തുന്നതടക്കമുള്ള വാഗ്‌ദാനങ്ങളും മുന്നോട്ടുവെച്ചു. ഇഡിയെ ഉപയോഗിച്ച്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതും ആയുധമാക്കി.  ആദിവാസി ജനവിഭാഗങ്ങൾ പൂർണമായും ജെഎംഎമ്മിനൊപ്പം നിന്നു. ആകെ 28 എസ്‌സി സീറ്റിൽ 27 ലും ജെഎംഎം മുന്നണി ജയിച്ചു.

ജെഎംഎമ്മിനെ 
കാത്തത്‌  കൽപ്പനയും ഹേമന്തും
ജാർഖണ്ഡിൽ ബിജെപിക്കെതിരെ ജെഎംഎം മുന്നണിയുടെ പ്രചാരണത്തെ മുന്നിൽനിന്ന്‌ നയിച്ചത്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറനും ഭാര്യ കൽപ്പന സോറനും. ഇരുന്നൂറിലേറെ റാലികളിലാണ്‌ ഇരുവരും പങ്കെടുത്തത്‌.

ബിജെപിയുടെ ദേശീയ നേതാക്കൾ കൂട്ടമായി ജാർഖണ്ഡിലെത്തിയപ്പോൾ ജെഎംഎം മുന്നണിയിലെ പ്രധാന രാഷ്ട്രീയപാർടിയായ കോൺഗ്രസിന്റെ മുൻനിര നേതാക്കൾ വല്ലപ്പോഴും മാത്രം വന്നുപോയി. പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയും കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയും സഖ്യകക്ഷി സ്ഥാനാർഥികൾ മൽസരിക്കുന്ന ഒരിടത്തും എത്തിയില്ല.ജനുവരിയിൽ ഇഡി കള്ളക്കേസിൽ കുടുക്കി ഹേമന്ത്‌ സോറനെ ജയിലിൽ അടച്ചതിന്‌ ശേഷം മാത്രമാണ്‌ കൽപ്പന രാഷ്ട്രീയത്തിൽ സജീവമായത്‌. ഹേമന്തിന്റെ അഭാവത്തിൽ ജെഎംഎമ്മിനെ നയിച്ച അവർ വളരെ വേഗം ജനപ്രിയ നേതാവായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെഎംഎമ്മിനെ പിടിച്ചുനിർത്തിയ കൽപ്പന ഗാണ്ഡേയ്‌ മണ്ഡലത്തിൽ ജയിച്ച്‌ എംഎൽഎയുമായി.  ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിലെ ജെഎംഎമ്മിന്റെ താരപ്രചാരക കൽപ്പനയായിരുന്നു. ഹേമന്ത് സോറന്റെ സഹോദരഭാര്യ സീതാ സൊറെൻ, മുൻമുഖ്യമന്ത്രി ചമ്പയ്‌ സൊറൻ തുടങ്ങിയവർ ബിജെപിയിലേക്ക്‌ കൂറുമാറിയപ്പോൾ പാർടി നേതൃത്വം ഉലഞ്ഞെങ്കിലും സംസ്ഥാനത്താകെ ഓടിയെത്തിയുള്ള പ്രചാരണത്തിലൂടെ കൽപ്പന പ്രതിസന്ധിയെ മറികടന്നു. ജാംതാര മണ്ഡലത്തിൽ സീതാ സൊറെന്റെ തോൽവി കൂടി ഉറപ്പാക്കികൊണ്ട്‌ ഷിബു സൊറന്റെ രാഷ്ട്രീയ പിൻഗാമികൾ ആരെന്ന ചോദ്യത്തിന്‌  ഹേമന്തും കൽപ്പനയും മറുപടി നൽകി.



 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top