ന്യൂഡൽഹി
കൂടുതൽ സീറ്റുകൾക്കായുള്ള കോൺഗ്രസിന്റെ പിടിവാശി ജാർഖണ്ഡിൽ ഇന്ത്യാ കൂട്ടായ്‌മയെ പ്രതിസന്ധിയിലാക്കുന്നു. സംഘപരിവാറിനെതിരെ ഒറ്റക്കെട്ടായി പൊരുതാൻ പരമാവധി വിട്ടുവീഴ്‌ച ചെയ്യുന്നതിന് പകരം സീറ്റുകൾക്കായുള്ള വിലപേശൽ തുടരുകയാണ് കോൺഗ്രസ്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ജെഎംഎമ്മുമായുള്ള ചർച്ചയിൽ പിടിവാശി തുടരുന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ ഈ സമീപനം ഹരിയാനിലും ജമ്മു -കശ്‌മീരിലും വലിയ തിരിച്ചടിയുണ്ടാക്കി.
ജാർഖണ്ഡിലെ 81 സീറ്റിൽ അമ്പത് സീറ്റിൽ ജെഎംഎമ്മും 31 സീറ്റിൽ കോൺഗ്രസും എന്നതായിരുന്നു പ്രാഥമിക ധാരണ. ജെഎംഎമ്മിന്റെ സീറ്റുകളിൽനിന്ന് ഇടതുപക്ഷ പാർടികൾക്ക് ആവശ്യമായ സീറ്റുകൾ നൽകും. കോൺഗ്രസ് ആർജെഡിക്ക് ആവശ്യമായ സീറ്റുനല്‍കണം എന്നായിരുന്നു ധാരണ. ഇടതുപക്ഷ പാർടികൾക്ക് ഏഴു സീറ്റ് വരെ നൽകാൻ ജെഎംഎം ഒരുക്കമാണ്. എന്നാൽ ആർജെഡിക്ക് നാല് സീറ്റിൽ കൂടുതൽ നൽകില്ലെന്നാണ് കോൺഗ്രസ് നിലപാട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആർജെഡി ഏഴ് സീറ്റിൽ മൽസരിച്ചു. ഏതൊക്കെ മണ്ഡലങ്ങളിൽ മൽസരിക്കണമെന്ന കാര്യത്തിലും കോൺഗ്രസ് കടുംപിടിത്തം തുടരുന്നു. പത്ത് സീറ്റില്ലെങ്കില്‍ ഒറ്റയ്ക്ക് മൽസരിക്കുമെന്നാണ് ആർജെഡി നിലപാട്. ഇടതുപക്ഷ പാർടികളും നിലവിലെ സീറ്റുധാരണയിൽ അതൃപ്‌തി പ്രകടമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 31 സീറ്റിൽ മൽസരിച്ച കോൺഗ്രസ് 16 സീറ്റിലാണ് ജയിച്ചത്. 43 സീറ്റിൽ മൽസരിച്ച ജെഎംഎം 30 സീറ്റിൽ ജയിച്ച് സര്‍ക്കാരുണ്ടാക്കി. ബിജെപി 66 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..