ന്യൂഡൽഹി > ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ജെഎംഎം വിട്ട് ബിജെപിയിൽ ചേർന്നു. റാഞ്ചിയിൽ കേന്ദ്രമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമാന്ദ ബിസ്വസർമ, സംസ്ഥാന പ്രസിഡന്റ് ബാബുലാൽ മറാണ്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപി പ്രവേശം. ജയിൽ മോചിതനായ ഹേമന്ദ് സോറൻ വീണ്ടും മുഖ്യമന്ത്രിയായപ്പോൾ സ്ഥാനമൊഴിഞ്ഞ ചംപൈ സോറൻ മന്ത്രിസഭാംഗമായി തുടരുകയായിരുന്നു.
വ്യാഴാഴ്‌ച ജെഎംഎം അംഗത്വവും എംഎൽഎ സ്ഥാനവും ചംപയ് രാജിവച്ചിരുന്നു. ചംപൈ സോറനെ സ്വീകരിക്കാൻ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ എത്തുമെന്ന് പ്രചാരണമുണ്ടായെങ്കിലും വന്നില്ല. ചംപൈയുടെ ശക്തികേന്ദ്രമായ കോൽഹാൻ മേഖലയിൽ നിന്നുള്ള പ്രവർത്തകരും ബിജെപിയിൽ എത്തി. എംഎൽഎമാരെയൊന്നും കൂടെക്കൂട്ടാൻ കഴിയാഞ്ഞത് ചംപൈയ്‌ക്കും ബിജെപിക്കും ക്ഷീണമായി.
അതേസമയം, ചംപൈയുടെ ബിജെപി പ്രവേശത്തിന് മണിക്കൂറുകൾക്ക് മുമ്പ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഘട്ശിലയിൽ നിന്നുള്ള ജെഎംഎം എംഎൽഎ രാംദാസ് സോറൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..