23 December Monday
ചതി മലയാളികളോട്

കർണാടകത്തിൽ ജോലി കന്നഡി​ഗര്‍ക്ക് മാത്രം ; തദ്ദേശീയർക്ക് 100 ശതമാനം സംവരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

● സ്വകാര്യ സ്ഥാപനങ്ങളിൽ കര്‍ണാടകക്കാര്‍ക്ക് 70 ശതമാനംവരെ
 സംവരണം കൊണ്ടുവരുന്ന ബില്‍ മന്ത്രിസഭ അം​ഗീകരിച്ചു
● കനത്ത പ്രതിഷേധത്തെ തുടർന്ന് ബിൽ താൽക്കാലികമായി മരവിപ്പിച്ചു
● ബം​ഗളൂരുവിൽ പണിയെടുക്കുന്നത് ഒന്നരലക്ഷത്തിലേറെ മലയാളികള്‍

ബം​ഗളുരു
കർണാടകയിലെ സ്വകാര്യസ്ഥാപനങ്ങളിലെ ജോലികളിൽ  70 ശതമാനം വരെ കന്നഡി​ഗര്‍ക്ക് സംവരണംചെയ്യാനുള്ള  ബില്ലിന്‌ കോൺ​ഗ്രസ് സര്‍ക്കാരിന്റെ അനുമതി. രാജ്യത്തിന്റെ ഐടി തലസ്ഥാനമായ  ബം​ഗളൂരുവിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള ഇതരസംസ്ഥാന ജീവനക്കാരെയും തൊഴിലാളികളെയും ആശങ്കയിലാഴ്ത്തിയാണ്‌ നീക്കം.  

ഐടി കമ്പനികള്‍, വ്യവസായശാലകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളിലെ മാനേജ്മെന്റ് തസ്തികകളിൽ 50 ശതമാനവും ഇതര തസ്തികകളിൽ 70 ശതമാനവും കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്ന, കന്നഡഭാഷ അറിയാവുന്ന പ്രദേശവാസികള്‍ക്ക് സംവരണം ചെയ്യാനാണ് തീരുമാനം. ഇതിനായുള്ള ബില്ലിന് (കര്‍ണാടക സ്റ്റേറ്റ് എംപ്ലോയ്-മെന്റ് ഒഫ് ലോക്കൽ കാൻഡിഡേറ്റ്സ് ഇൻ ദി ഇൻഡസ്ട്രീസ്, ഫാക്ടറീസ്, അദര്‍ എസ്റ്റാബ്ലിഷ്മെന്റ് ബിൽ 2024)  മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭായോ​ഗം അനുമതി നൽകി. നിയമസഭയുടെ നടപ്പുസമ്മേളനത്തിൽ ബില്‍ അവതരിപ്പിക്കും. ഒന്നരലക്ഷത്തിലേറെ മലയാളികളാണ് ബം​ഗളൂരുവില്‍ മാത്രം ഐടി കമ്പനികളിലുള്ളത്. സംഘപരിവാര്‍ പിന്തുണയുള്ള തീവ്ര കന്നഡ അനുകൂല പ്രാദേശികവാ​ദ സംഘടനകളുടെ ദീര്‍ഘകാല ആവശ്യത്തിനാണ് കോൺ​ഗ്രസ് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്.


 

വലിയ വൈദ​ഗ്ധ്യം ആവശ്യമില്ലാത്ത സി,ഡി കാറ്റ​ഗറി ജോലികളിൽ 100 ശതമാനവും കര്‍ണാടകക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയെന്ന്  സിദ്ധരാമയ്യ  എക്സിൽ കുറിച്ചെങ്കിലും വിവാദമായതോടെ  നീക്കി.  കന്നഡ അനുകൂല സര്‍ക്കാരാണിതെന്നും കന്നഡക്കാര്‍ക്ക് ജന്മനാട്ടിൽ തന്നെ ജോലി ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും സിദ്ധരാമയ്യ പറഞ്ഞു.

​​ദേശീയപാര്‍ടിയായ കോണ്‍​ഗ്രസ് സങ്കുചിത പ്രാ​ദേശികവാദത്തിന്  കീഴ്പ്പെടുന്നതിനെതിരെ രാജ്യത്താകെ പ്രതിഷേധമുയർന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വൻകിട ബയോഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ ബയോകോൺ സ്ഥാപക കിരൺ മജും​ദാര്‍, ഇൻഫോസിസ് മുൻ സിഎഫ്ഒ മോഹൻദാസ് പൈ തുടങ്ങിയവര്‍ രം​ഗത്തെത്തി. ഫാസിസ്റ്റ് സ്വാഭാവമുള്ള ബില്ലാണിതെന്ന്  മോഹൻദാസ് പൈ പറഞ്ഞു. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ അഭാവത്തിൽ കമ്പനികള്‍ മറ്റിടങ്ങളിലേക്ക് പോകാനേ തീരുമാനം വഴിവയ്ക്കൂവെന്ന് സോഫ്ട്‍വെയര്‍ ആൻഡ് സര്‍വീസ് കമ്പനികളുടെ ദേശീയ കൂട്ടായ്മയ നാസ്കോം പ്രതികരിച്ചു.  കനത്ത പ്രതിഷേധത്തെത്തുർന്ന് ബിൽ താത്കാലികമായി മരവിപ്പിച്ചു. കൂടുതൽ പരിശോധനയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ അറിയിച്ചു.

ചതി മലയാളികളോട്

ജോലി ആര്‍ക്ക്
● കര്‍ണാടകയിൽ ജനിച്ച് 15 വര്‍ഷമായി സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവര്‍
● കന്നഡയിൽ എഴുതാനും വായിക്കാനും സംസാരിക്കാനും  കഴിയുന്നവര്‍
● കന്നഡ ഭാഷയായി പഠിച്ച് പത്താംതരം പാസായിരിക്കണം
● അല്ലെങ്കിൽ കന്നഡഭാഷാ പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷ പാസാകണം.

കന്നഡി​ഗര്‍ ഇല്ലെങ്കില്‍
തസ്തികകളിൽ ആവശ്യാനുസരണം പ്രാദേശിക ഉദ്യോ​ഗാര്‍ഥികള്‍ ഇല്ലെങ്കിൽ കമ്പനികള്‍ക്ക് മറ്റുള്ളവരെ നിയമിക്കാൻ ഇളവിന് അപേക്ഷിക്കാം. സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.  ഏത് സാഹചര്യത്തിലും പ്രാദേശിക ഉദ്യോ​ഗാര്‍ഥികള്‍ മാനേജ്മെന്റ് തസ്തികയിൽ 25 ശതമാനത്തിലും ഇതര തസ്തികകളിൽ 50 ശതമാനത്തിലും  കുറയാൻ പാടില്ല. നിയമലംഘനത്തിന് 10,000 രൂപ മുതൽ 25000 രൂപ വരെ പിഴ ഇടാക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top