ന്യൂഡൽഹി
കോടതി വേനലവധിക്ക് അടച്ചശേഷം ശമ്പളം വാങ്ങുമ്പോൾ മനഃസാക്ഷിക്കുത്ത് തോന്നാറുണ്ടെന്ന് സുപ്രീംകോടതി ജഡ്‌ജി. മധ്യപ്രദേശിൽ വനിതാജഡ്‌ജിമാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണക്കവെ ജസ്‌റ്റിസ് ബി വി നാഗരത്നയാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. അവധിക്കാലത്ത് ജഡ്‌ജി കോടതിയിൽ ഹാജരാകുകയോ കേസ് പരിഗണിക്കുകയോ ചെയ്യുന്നില്ല. ജോലി ചെയ്യാതെ ശമ്പളം വാങ്ങുമ്പോൾ തനിക്ക് വലിയ വിഷമം തോന്നാറുണ്ട് –- ജസ്‌റ്റിസ് ബി വി നാഗരത്ന പറഞ്ഞു.
മധ്യപ്രദേശിൽ ആറ് വനിതാ സിവിൽ ജഡ്‌ജിമാരുടെ സേവനങ്ങൾ ഒന്നിച്ച് അവസാനിപ്പിക്കാനുള്ള നീക്കത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്‌തു. ഇതേതുടർന്ന്, മധ്യപ്രദേശ് ഹൈക്കോടതിയുടെ ഫുൾകോർട്ട് ചേർന്ന് പിരിച്ചുവിട്ട ആറ് ജഡ്‌ജിമാരിൽ നാല് പേരെ തിരിച്ചെടുക്കാൻ തീരുമാനിച്ചു. വീണ്ടും നിയമിതരാകുന്ന നാല് ജഡ്‌ജിമാർക്ക് അവർ ജോലി ചെയ്യാതിരുന്ന കാലയളവിലെ ശമ്പളം കൂടി അനുവദിക്കാൻ ഉത്തരവിടണമെന്ന ആവശ്യം തള്ളിയാണ് ജസ്‌റ്റിസ് ബി വി നാഗരത്നയുടെ നിരീക്ഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..