ന്യൂഡൽഹി
പുരുഷൻമാർക്ക് ആർത്തവമുണ്ടായാൽ മാത്രമേ സ്‌ത്രീകളുടെ ബുദ്ധിമുട്ട് മനസിലാക്കാൻ കഴിയുള്ളുവെന്ന് സുപ്രീംകോടതി ജഡ്‌ജി. മധ്യപ്രദേശിൽ വനിതാ ജഡ്‌ജിമാരെ പുറത്താക്കിയ ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമർശിച്ച് ജസ്റ്റിസ് ബി വി നാഗരത്നയുടേതാണ് പരാമർശം. കേസ് തീർപ്പാക്കുന്നതിൽ പിന്നിലാണെന്ന് ആരോപിച്ച് വനിതാ സിവിൽ ജഡ്‌ജിമാരെ പുറത്താക്കിയ നടപടി ന്യായീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.
‘വനിതകൾക്ക് ശാരീരികമായും മാനസികമായും പ്രശ്‌നങ്ങൾ അനുഭവപ്പെടുന്ന സമയങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോൾ അവർ കേസുകൾ തീർപ്പാക്കുന്നതിൽ പിന്നിലായെന്ന് ആരോപിക്കാൻ കഴിയുമോ. പുരുഷൻമാർക്ക് ആർത്തവം ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അവർക്ക് ആ പ്രയാസങ്ങൾ മനസിലാക്കാൻ സാധിക്കുമായിരുന്നു’–- ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
വനിതാജഡ്‌ജിമാരെ പുറത്താക്കിയ മധ്യപ്രദേശ് സർക്കാരിന്റെ ഉത്തരവിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. മധ്യപ്രദേശ് ഹൈക്കോടതിയിലെ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പരിശീലന കാലത്ത് വനിതാ ജഡ്‌ജിമാരുടെ പ്രകടനം മോശമായിരുന്നെന്ന് വിലയിരുത്തിയാണ് അവരെ പുറത്താക്കാൻ കമ്മിറ്റി ശുപാർശ ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..