ബംഗളൂരു
വിവാദ പരാമർശങ്ങളിൽ സുപ്രീംകോടതി ഇടപ്പെട്ടതോടെ ഖേദം പ്രകടിപ്പിച്ച് കർണാടക ഹൈക്കോടതി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ. പടിഞ്ഞാറൻ ബംഗളൂരുവിലെ ഒരു പ്രദേശത്തെ ‘പാകിസ്ഥാനെന്ന്’ ജസ്റ്റിസ് ശ്രീശാനന്ദ ആക്ഷേപിച്ചതും അഭിഭാഷകയോട് മോശം പരാമർശം നടത്തിയതും വന്‍വിവാദമായിരുന്നു.
ശനിയാഴ്ച ഉച്ചയ്‌ക്കുശേഷം കോടതി നടപടി തുടങ്ങിയതോടെ ഖേദം പ്രകടിപ്പിച്ചുള്ള പ്രസ്താവന വായിക്കുകയായിരുന്നു. "കോടതി നടപടികള്‍ക്കിടെ ഞാൻ നടത്തിയ ചില പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തിൽനിന്ന് അടര്‍ത്തിയെടുത്ത് സമൂഹമാധ്യമങ്ങളിൽ റിപ്പോര്‍ട്ടുചെയ്യുകയായിരുന്നു. പരാമര്‍ശങ്ങള്‍ മനപ്പൂര്‍വമായിരുന്നില്ല. ഏതെങ്കിലും വ്യക്തിയെയോ വിഭാഗത്തെയോ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നു'. അദ്ദേഹം പറഞ്ഞു.
ജസ്‌റ്റിസ് ശ്രീശാനന്ദയുടെ അധിക്ഷേപ പരാമർശങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗബെഞ്ച് കർണാടക ഹൈക്കോടതി രജിസ്‌ട്രാർ ജനറലിൽനിന്ന് റിപ്പോർട്ട് തേടിയിരുന്നു. ജഡ്‌ജ്‌മാരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന അടിസ്ഥാനമര്യാദയ്‌ക്ക് വിരുദ്ധമായ ഇടപെടലുകൾ ഉണ്ടാകരുതെന്നും ജഡ്‌ജ്‌മാരുടെ പെരുമാറ്റം സംബന്ധിച്ച് മാർഗരേഖ പുറപ്പെടുവിക്കുന്നത് പരിഗണനയിലാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ബുധനാഴ്ച വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ജസ്റ്റിസ് ശ്രീശാനന്ദ ഖേദം പ്രകടിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..