22 November Friday

ബിജെപി ഉടക്കി ; കെ സി ത്യാഗി ജെഡിയു വക്താവ്‌ സ്ഥാനം രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024


ന്യൂഡൽഹി
വഖഫ്‌ നിയമ ഭേദഗതി, ഇസ്രയേൽ ബാന്ധവം തുടങ്ങിയവയിൽ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും നിലപാടുകൾ തള്ളി രംഗത്തുവന്ന കെ സി ത്യാഗി ജെഡിയു ദേശീയ വക്താവ്‌ സ്ഥാനം രാജിവച്ചു. എൻഡിഎയിൽ കൂട്ടുത്തരവാദിത്തം വേണമെന്ന്‌ സഖ്യകക്ഷികളോട്‌ ബിജെപി ആവശ്യപ്പെട്ടതിന്‌ ദിവസങ്ങൾക്കുള്ളിലാണ്‌ ത്യാഗിയുടെ രാജി. ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ വിശ്വസ്‌തനെന്ന്‌ അറിയപ്പെടുന്ന ത്യാഗിക്ക്‌ പകരം രാജീവ്‌ രഞ്ജൻ പ്രസാദാണ്‌ പുതിയ വക്താവ്‌. വ്യക്തിപരമായ കാരണങ്ങളാലാണ്‌ ത്യാഗി രാജിവച്ചതെന്നാണ്‌ ജെഡിയു പ്രസ്‌താവനയിൽ പറയുന്നത്‌. സംവരണം അട്ടിമറിച്ച്‌ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിൽ നടപ്പാക്കാൻ ശ്രമിച്ച ലാറ്ററൽ എൻട്രി, വഖഫ്‌ ബിൽ എന്നിവയിൽ എതിർപ്പുയർത്തിയ ത്യാഗി ഗാസയിലെ ഇസ്രയേൽ കൂട്ടക്കുരുതിയിൽ കേന്ദ്രസർക്കാർ ഭാഗമാകരുതെന്നും പരസ്യ നിലപാടെടുത്തു.

ഇസ്രയേലിന്‌ ആയുധം നൽകരുതെന്നാവശ്യപ്പെട്ടും വംശഹത്യയെ അപലപിച്ചും പ്രതിപക്ഷ പാർടികൾക്കൊപ്പം ജെഡിയുവിന്‌ വേണ്ടി സംയുക്ത പ്രസ്‌താവനയിൽ ത്യാഗി ഒപ്പുവച്ചിരുന്നു. ഈ ഘട്ടത്തിലാണ്‌ കൂട്ടുത്തരവാദിത്തം വേണമെന്ന്‌ സഖ്യകക്ഷികളോട്‌ ബിജെപി ആവശ്യപ്പെട്ടത്‌.

വഖഫ്‌ ബില്ലിനെ ജെഡിയു കേന്ദ്രമന്ത്രി ലലൻ സിങ്‌ അനുകൂലിച്ചതിനെയും ത്യാഗി വിമർശിച്ചിരുന്നു. ത്യാഗിയുടെ പ്രസ്‌താവന പാർടിക്കും മുന്നണിക്കും തിരിച്ചടിയാവുന്നത്‌ കണ്ടാണ്‌ നീക്കിയതെന്നും റിപ്പോർടുണ്ട്‌. ബിഹാറിൽ നിന്നുള്ള രാജ്യസഭാംഗവും വ്യവസായവുമായി ബന്ധപ്പെട്ട പാർലമെന്റ്‌ സ്റ്റാന്റിങ്‌ കമ്മിറ്റിയുടെ ചെയർമാനുമാണ്‌ ത്യാഗി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top