05 November Tuesday

സെൻസർ ബോർഡ്‌ പേടിച്ച്‌ സർട്ടിഫിക്കറ്റ്‌ തരുന്നില്ലെന്ന്‌ കങ്കണ

സ്വന്തം ലേഖകൻUpdated: Sunday Sep 1, 2024

ന്യൂഡൽഹി
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് പശ്ചാത്തലമാക്കി ഒരുക്കിയ തന്റെ സിനിമ ‘എമർജെൻസി’ക്ക് സെൻസർ സർട്ടിഫിക്കറ്റ്‌ ലഭിക്കുന്നില്ലെന്ന പരാതിയുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണൗത്. ആദ്യം സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നെങ്കിലും പിന്നീട്‌ അത്‌ പിൻവലിച്ചു. സെൻസർ ബോർഡ്‌ അംഗങ്ങൾക്ക്‌ വധഭീഷണിയുണ്ടായതോടെയാണ് അവർ സർട്ടിഫിക്കറ്റ്‌ പിടിച്ചുവച്ചത്‌.

ചില സീനുകൾ ഒഴിവാക്കണമെന്നാണ്‌ ആവശ്യം. ഇന്ദിരാവധവും പഞ്ചാബ്‌ കലാപവും ഒക്കെ ഒഴിവാക്കണമെന്നാണ്‌ ഇപ്പോൾ പറയുന്നത്‌. അങ്ങനെചെയ്‌താൽ സിനിമയിൽ ഒന്നുമുണ്ടാകില്ല. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ വലിയ വിഷമമുണ്ടെന്നും സമൂഹമാധ്യമത്തിൽ പോസ്‌റ്റ്‌ ചെയ്‌ത വീഡിയോ സന്ദേശത്തിൽ കങ്കണ പറഞ്ഞു.
ചിത്രം സാമുദായികമൈത്രി തകർക്കുമെന്നും സംഘർഷങ്ങൾക്ക്‌ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി പ്രദർശനാനുമതി നൽകരുതെന്ന്‌ ആവശ്യപ്പെട്ട്‌ ശിരോമണി അകാലിദൾ സെന്‍സര്‍ബോര്‍ഡിന് വക്കീൽനോട്ടീസ്‌ അയച്ചിരുന്നു.

തെലങ്കാനയിലും മറ്റും ചിത്രം പ്രദർശിപ്പിക്കരുതെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്‌. സിഖ്‌ വിഭാഗം നേതാക്കൾ മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡിയെ കണ്ടാണ് ആവശ്യം ഉന്നയിച്ചത്. ചിത്രം വിലക്കണമെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക്‌ കമ്മിറ്റി ആവശ്യപ്പെട്ടു.ചിത്രത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയാണ്‌ കങ്കണ അഭിനയിക്കുന്നത്.
 സെപ്‌തംബർ ആറിന്‌ റിലീസ്‌ചെയ്യുമെന്നാണ്‌ നേരത്തെ അറിയിച്ചിരുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top