23 December Monday

വാക്പ്പോര്‌ പൊളിക്കുന്നു ; കങ്കണയ്‌ക്കെതിരെ കേസ്‌; ഹർജിയിൽ വിധി 22ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020


മുംബൈ
ബാന്ദ്രയിലെ ബംഗ്ലാവിന്റെ അനധികൃത നിർമാണം പൊളിച്ച മുംബൈ മുനിസിപ്പല്‍ കോർപറേഷനെതിരെ നടി കങ്കണ റണൗട്ട്‌ ‌സമർപ്പിച്ച ഹർജി വിധി പറയാൻ 22ലേക്ക്‌ മാറ്റി. സംഭവത്തിൽ കോർപറേഷൻ വ്യാഴാഴ്‌ച ബോംബെ ഹൈക്കോടതിയില്‍  സത്യവാങ്‌മൂലം നൽകി‌. പൊളിക്കൽ നടപടി ബുധനാഴ്ച സ്റ്റേചെയ്ത കോടതി ബിഎംസിയോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ സത്യവാങ്‌മൂലം നൽകി‌യത്‌. അതിനിടെ, ഏറ്റുമുട്ടാനിറങ്ങിയ കങ്കണയ്‌ക്കെതിരെ സർക്കാർ‌ കേസെടുത്തു. സാമൂഹ്യ മാധ്യമത്തിൽ മുഖ്യമന്ത്രിയെ അപമാനിച്ചതിനാണ്‌ വിക്രോളി പൊലീസ് കേസെടുത്തത്‌.

കാരണംകാണിക്കൽ  നോട്ടീസിൽ പറയുന്നതിൽ കൂടുതൽ അനധികൃത നിർമാണങ്ങൾ ബംഗ്ലാവിലുണ്ടെന്ന്‌ കോർപറേഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ നിരവധി മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളുമുണ്ട്‌. നിർമാണം നിർത്തിവയ്‌ക്കാൻ നോട്ടീസ് നൽകിയിട്ടും തുടർന്നതുകൊണ്ടാണ്‌ പൊളിച്ചതെന്നും‌ സത്യവാങ്‌മൂലത്തിൽ കോർപറേഷൻ വ്യക്തമാക്കി. എന്നാൽ, എല്ലാ നിർമാണങ്ങൾക്കും അനുമതിയുണ്ടെന്നും കോവിഡ്‌കാലത്ത്‌ വലിയ പൊളിക്കലുകൾ പാടില്ലെന്ന നിർദേശം കോർപറേഷൻ ലംഘിച്ചതായും കങ്കണയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്ന്‌‌ ഇരുകൂട്ടരോടും 22ന് മുമ്പായി വിശദമായ സത്യവാങ്‌മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടു. അതേസമയം, കോടതിക്കു പുറത്ത്‌ കങ്കണയും മഹാരാഷ്‌ട്ര സർക്കാരുമായുള്ള വാക്‌പോര്‌ ഇന്നും തുടർന്നു. ‘നാളെ നിങ്ങളുടെ അഹങ്കാരം പൊളിയും’ എന്ന്‌ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വെല്ലുവിളിച്ച്‌ നടി സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച വീഡിയോ വിവാദമായി. ശിവസേന സോണിയ സേനയെന്ന പരാമർശം നടത്തിയതും അണികളെ പ്രകോപിപ്പിച്ചു. 

വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ വ്യാഴാഴ്‌ച കങ്കണ മുംബൈയിലെ പകുതിപൊളിച്ച ബംഗ്ലാവിൽ എത്തി.  കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തുവന്നു. കേന്ദ്രമന്ത്രി രാംദാസ്‌ അത്തേവാല കങ്കണയുമായി കൂടിക്കാഴ്‌ച നടത്തി പിന്തുണ പ്രഖ്യാപിച്ചു. മഹാരാഷ്‌ട്ര ഗവർണർ സർക്കാർ പ്രതിനിധിയെ വിളിച്ചുവരുത്തി സംഭവത്തിൽ അതൃപ്‌തി അറിയിച്ചു. മഹാരാഷ്ട്ര സർക്കാരും ബിഎംസിയും സ്വീകരിച്ച നടപടി ശരിയായില്ലെന്ന് സിനിമാസംഘടനയായ‌ ഐഎംപിപിഎ പ്രസിഡന്റ് ടി പി അഗർവാൾ പറഞ്ഞു. എന്നാൽ, സുശാന്ത് സിങ്‌ രജ്പുത്തിന്റെ മരണത്തെതുടർന്ന് സിനിമാമേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച്‌ നടി നടത്തിയ അഭിപ്രായത്തോട്‌ യോജിപ്പില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഹിമാചൽപ്രദേശ്‌ സ്വദേശിനിയായ കങ്കണയെ അനുകൂലിച്ച്‌ ബിജെപി ഷിംലയിൽ പ്രകടനം നടത്തി.

കങ്കണയുടെ അയൽക്കാരനും നോട്ടീസ്‌
ബൃഹൻ മുംബൈ കോർപറേഷൻ കഴിഞ്ഞദിവസം പൊളിച്ചു നീക്കിയ നടി കങ്കണ റണൗട്ടിന്റെ ബംഗ്ലാവിന്‌ സമീപത്തുള്ള ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിനും നോട്ടീസ്‌. ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനാണ്‌ കോർപറേഷൻ നോട്ടീസ് നൽകിയത്‌. കെട്ടിടം വാണിജ്യ ആവശ്യങ്ങൾക്ക് അനുമതിയില്ലാതെ‌ ഉപയോഗിച്ചു, ക്യാബിനുകൾ സ്ഥാപിച്ചു, തുടങ്ങിയവയാണ്‌ നിയമലംഘനങ്ങളായി കോർപറേഷൻ കണ്ടെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top