22 December Sunday
യുപി, ഉത്തരാഖണ്ഡ്‌, മധ്യപ്രദേശ്‌ 
 സംസ്ഥാനങ്ങൾക്ക്‌ നോട്ടീസ്‌

കാവടി യാത്ര ; കട ഉടമകൾ പേര്‌ പ്രദർശിപ്പിക്കേണ്ടെന്ന് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024



ന്യൂഡൽഹി
കാവടിയാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളുടെയും കടകളുടെയും ഉടമകൾ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌ സർക്കാരുകളുടെ വിവാദനിർദേശം സ്‌റ്റേചെയ്‌ത്‌ സുപ്രീംകോടതി.

 കടയിൽ എന്തെല്ലാം വിഭവങ്ങളാണ്‌ വിളമ്പുന്നതെന്ന്‌ പ്രദർശിപ്പിച്ചാൽ മതിയെന്നും കടയുടമയുടെയോ ജോലി ചെയ്യുന്നവരുടെയോ പേരോ മറ്റ്‌ വിവരങ്ങളോ പ്രദർശിപ്പിക്കാൻ സമ്മർദം ചെലുത്തരുതെന്നും ജസ്‌റ്റിസ്‌ ഹൃഷികേശ്‌റോയ്‌, ജസ്‌റ്റിസ്‌ എസ്‌ വി ഭാട്ടി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു. യുപി, ഉത്തരാഖണ്ഡ്‌, മധ്യപ്രദേശ്‌ സംസ്ഥാനങ്ങൾക്ക്‌ നോട്ടീസ്‌ അയച്ച സുപ്രീംകോടതി കേസ്‌ വീണ്ടും 26ന്‌ പരിഗണിക്കുമെന്ന്‌ അറിയിച്ചു. മധ്യപ്രദേശിലെ ഉജ്ജയിൻ കോർപറേഷൻ നഗരത്തിലെ കട ഉടമകളോട്‌ പേര്‌ പ്രദർശിപ്പിക്കാൻ നിർദേശിച്ചിരുന്നു.ഇതിനെതിരെ  അസോസിയേഷൻ ഓഫ്‌ പ്രൊട്ടക്ഷൻ ഫോർ സിവിൽ റൈറ്റ്‌സ്‌, ഡൽഹി സർവകലാശാല പ്രൊഫ. അപൂർവാനന്ദ്‌, സാമൂഹ്യപ്രവർത്തകൻ ആകാർ പട്ടേൽ, തൃണമൂൽ കോൺഗ്രസ്‌ എംപി മഹുവാമൊയ്‌ത്ര തുടങ്ങിയവർ സമർപ്പിച്ച ഹർജികളാണ്‌ പരിഗണിച്ചത്‌. സമൂഹത്തെ വിഭജിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ യുക്തിരഹിതമായ ഇത്തരം ഉത്തരവുകൾ സർക്കാരുകൾ പുറപ്പെടുവിച്ചിരിക്കുന്നതെന്ന്‌ ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌ സിങ്‌വി ചൂണ്ടിക്കാട്ടി. കടയുടമകളെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ്‌ ഒറ്റപ്പെടുത്താനുള്ള ശ്രമമാണെന്നും ബോധിപ്പിച്ചു.

‘കേരളത്തിൽ ഭക്ഷണം കഴിച്ചിരുന്നത്‌ മുസ്ലിമിന്റെ വെജിറ്റേറിയൻ ഹോട്ടലിൽ’
കേരളത്തിൽ മുസ്ലിം നടത്തുന്ന വെജിറ്റേററിയൻ ഹോട്ടലിൽ നിന്നാണ്‌ താൻ ഭക്ഷണം കഴിച്ചിരുന്നതെന്ന്‌ ഹര്‍ജി പരി​ഗണിക്കവെ ജസ്‌റ്റിസ്‌ എസ്‌ വി ഭാട്ടി ഓർമിച്ചു. ഹിന്ദുവും  മുസ്ലിമും  വെജിറ്റേറിയൻ ഹോട്ടലുകൾ നടത്തിയിരുന്നു. മുസ്ലിം നടത്തിയിരുന്ന ഹോട്ടൽ ശുചിത്വത്തിന്റെ കാര്യത്തിൽ വലിയ നിലവാരം പുലർത്തിയിരുന്നു. ഈ കാരണത്താൽ, താൻ അവിടെ നിന്നാണ്‌ ഭക്ഷണം കഴിച്ചിരുന്നത്‌– -ജഡ്‌ജി കൂട്ടിച്ചേർത്തു. കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായിരുന്നു എസ്‌ വി ഭാട്ടി.

വിധി സ്വാഗതാർഹം: 
സംയുക്ത കിസാൻ മോർച്ച
കാവടിയാത്ര കടന്നുപോകുന്ന ഇടങ്ങളിലെ ഭക്ഷണശാലകളിൽ ഉടമസ്ഥരുടെ പേര്‌ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌ സർക്കാരുകളുടെ ഉത്തരവ്‌ സ്‌റ്റേചെയ്‌ത സുപ്രീംകോടതി നടപടിയെ സംയുക്ത കിസാൻ മോർച്ച സ്വാഗതം ചെയ്‌തു. ഭരണഘടനാ വിരുദ്ധവും ദേശവിരുദ്ധവുമായ ഉത്തരവാണ്‌ സർക്കാരുകൾ ഇറക്കിയത്‌. ഇതിൽ ഒപ്പിട്ട ഉദ്യോഗസ്ഥരുടെ പേരിൽ കർശന നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിമാരും ഗവർണർമാരും മാപ്പ്‌ പറയണം.ഭിന്നിപ്പിച്ച്‌ ഭരിക്കാന്‍ ബ്രിട്ടീഷുകാർ ഉപയോഗിച്ച വർഗീയ ധ്രുവീകരണ പദ്ധതിയാണ് ആർഎസ്‌എസും ബിജെപിയും പിന്തുടരുന്നത്‌. ഇതിനെതിരായി ഗ്രാമതലം മുതൽ ചെറുത്തുനിൽപ്‌ സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top