08 September Sunday

രാജ്യത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങൾ അനശ്വരമാണെന്നാണ് കാർഗിൽ ദിവസം ഓർമ്മിപ്പിക്കുന്നത്: മോദി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

കാർഗിൽ> കാർഗിൽ യുദ്ധത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും ആദരാഞ്ജലികൾ അർപ്പിച്ചു. രാഷ്ട്രസേവനത്തിൽ പരമോന്നത ത്യാഗം സഹിച്ച സായുധ സേനയിലെ ഉദ്യോഗസ്ഥർക്കും സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ദ്രാസ് യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

'ലഡാക്കിലെ ഈ മഹത്തായ ഭൂമി ഇന്ന് കാർഗിൽ വിജയ് ദിവസിൻ്റെ 25-ാം വാർഷികത്തിന് സാക്ഷ്യം വഹിക്കുകയാണ്. രാജ്യത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ അനശ്വരമാണെന്ന് കാർഗിൽ വിജയ് ദിവസ് നമ്മോട് പറയുന്നു. കാലങ്ങളെത്ര കഴിഞ്ഞാലും രാജ്യത്തിന് വേണ്ടി സേവ ചെയ്ത മരിച്ചവരുടെ ഓർമ്മകൾ എന്നും നിലനിൽക്കും. കാർഗിലിലേത് പാക്കിസ്ഥാൻ ചതിക്കെതിരായ വിജയമാണ്.' മോദി പറഞ്ഞു.

എല്ലാ ഇന്ത്യക്കാരും കാർഗിലിൽ പോരാടിയവരുടെ ത്യാഗവും വീര്യവും പ്രചോദനമാക്കുമെന്ന് ഉറപ്പുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യുദ്ധത്തില്‍ വീരമൃത്യ വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

1999 ജൂലൈ 26 ന്, ലഡാക്കിലെ കാർഗിലിൻ്റെ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ ഏകദേശം മൂന്ന് മാസത്തോളം നീണ്ട യുദ്ധത്തിന് ശേഷമായിരുന്നു ഇന്ത്യൻ സൈന്യം  "ഓപ്പറേഷൻ വിജയ്"യുടെ വിജയം പ്രഖ്യാപിച്ചത്. യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിൻ്റെ സ്മരണാർത്ഥമാണ് ഈ ദിനം 'കാർഗിൽ വിജയ് ദിവസ്' ആയി ആചരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top