മംഗളൂരു
മൈസൂരു വികസന അതോറിറ്റി(മുഡ) യുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി. അഴിമതിക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന സിദ്ധരാമയ്യയുടെ വാദവും കേസ് നടപടി രണ്ടാഴ്‌ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും തള്ളി. സ്വകാര്യ പരാതിയിൽ വിചാരണക്ക് അനുമതി നൽകാൻ ഗവർണർക്ക് അവകാശമില്ലെന്നും ഗവർണർ രാഷ്ട്രീയ പ്രേരിതമായി പെരുമാറിയെന്നും സിദ്ധരാമയ്യക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി വാദിച്ചു.
വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം ഭൂമി അനുവദിക്കുന്ന പദ്ധതിയിലാണ് അഴിമതി ആരോപണം. പ്രമുഖ വ്യക്തികൾക്ക് വിട്ടുകൊടുത്തതിനേക്കാള്‍ കോടികളുടെ ആസ്തിയുള്ള ഭൂമി പദ്ധതിപ്രകാരം ലഭിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവതിയുടെ പേരിൽ മൈസൂരുവിലെ കേസരെയിലുണ്ടായിരുന്ന മൂന്നേക്കർ ഭൂമി മുഡ ഏറ്റെടുത്തു. പകരം വിജയനഗറിൽ കണ്ണായ പ്രദേശത്ത് 38,283 ചതുരശ്ര അടി ഭൂമിയാണ് അനുവദിച്ചത്. 2021-ൽ ബിജെപി സർക്കാരാണ് ഭാര്യയ്ക്ക് ഭൂമി അനുവദിച്ചതെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടുന്നു. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ്‌കുമാർ, സ്‌നേഹമയി കൃഷ്‌ണ എന്നിവരാണ് സിദ്ധരാമയ്യയ്ക്കെതിരെ പരാതി നല്‍ കിയത്.
രാജിവയ്ക്കില്ല
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. 17 എ പ്രകാരമുള്ള അന്വേഷണം റദ്ദാക്കുമെന്ന് ഉറപ്പുണ്ട്. ഇത്തരമൊരു അന്വേഷണത്തിന് നിയമപരമായ സാധുതയുണ്ടോ എന്ന് ആരായും. ബിജെപിയുടെ പ്രതികാര രാഷ്‌ട്രീയമാണിത് –- സിദ്ധരാമയ്യ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..