ബംഗളൂരൂ > ലൈംഗികാതിക്രമ പരാതിയിൽ മുൻ എംപിയും ജനതാദൾ (എസ്) നേതാവുമായ പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം നാഗപ്രസന്നയാണ് ജാമ്യഹർജി തള്ളിയത്. കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഉഭയ സമ്മത പ്രകാരമാണെന്ന് പ്രജ്വൽ രേവണ്ണ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നാലുപേരാണ് ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് പ്രജ്വൽ രേവണ്ണയ്ക്കെതിരെ രേഖാമൂലം പരാതി നൽകിയത്. പീഡന ദൃശ്യങ്ങൾ പ്രജ്വൽ ചിത്രീകരിക്കുകയും ഇതുപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും പരാതിയിലുണ്ട്. പ്രജ്വൽ 56 സ്‌ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിലുള്ളത്.
150ൽ അധികം പേരുടെ മൊഴി കുറ്റപത്രത്തിലുണ്ട്. ഫോറൻസിക് പരിശോധനയിൽ പീഡനദൃശ്യങ്ങൾ യഥാർഥമാണെന്ന് സ്ഥിരീകരിച്ചു. ഹാസനിലെ പ്രജ്വലിന്റെ വീട്ടിൽ ജോലി ചെയ്‌ത രണ്ടുപേരും ദൾ വനിതാ നേതാവും ഒരു വീട്ടമ്മയുമാണ് പരാതി നൽകിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലും പ്രജ്വൽ പീഡിപ്പിച്ച മറ്റൊരു വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രജ്വലിന്റെ അച്ഛനും എംഎൽഎയുമായ എച്ച് ഡി രേവണ്ണയും പ്രതിയാണ്.
പീഡന വിവരം പുറത്തറിഞ്ഞശേഷം പ്രജ്വൽ ജർമനിയിലേക്ക് മുങ്ങിയിരുന്നു. മെയ് 31ന് തിരിച്ചെത്തിയ ഉടനെ അറസ്റ്റിലായ പ്രജ്വൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..