26 December Thursday

ഹെയർഡ്രയർ പൊട്ടിത്തെറിച്ച് കൈകൾ അറ്റ സംഭവം; അയൽവാസിക്കായുള്ള കെണിയിൽ പെട്ടത് കാമുകി

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

ബം​ഗളൂരു > കൊറിയറിൽ വന്ന ഹെയർഡ്രയർ പൊട്ടിത്തെറിച്ച് കര്‍ണാടക സ്വദേശിനിയുടെ ഇരു കൈകളും അറ്റ സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതക ശ്രമമെന്ന് പൊലീസ്. കർണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ഇൽക്കലിൽ ബസവരാജേശ്വരി എന്ന യുവതിക്കാണ് ദിവസങ്ങൾക്ക് മുൻപ് ഹെയർഡ്രയർ പൊട്ടിത്തെറിച്ച് ​ഗുരുതരമായി പരിക്കേറ്റത്. പൊട്ടിത്തെറിച്ച ഹെയർഡ്രയറിൽ ചെറുബോംബ് ഘടിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ‌ കൊപ്പാളിലെ ഗ്രാനൈറ്റ് കമ്പനി സൂപ്പര്‍വൈസറായ സിദ്ധപ്പയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാൽ ബസവരാജേശ്വരിയായിരുന്നില്ല സിദ്ധപ്പയുടെ ലക്ഷ്യം. ഇവരുടെ അയൽക്കാരി ശശികലക്കായി ഒരുക്കിയ കെണിയിൽ സിദ്ധപ്പയുടെ കാമുകി കൂടിയായ ബസവരാജോശ്വരി പെട്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവം ഇങ്ങനെ

അയൽവാസിയായ ശശികലയുടെ പേരിലാണ് ഡിടിഡിസി കൊറിയർ വഴി ഒരു പാഴ്സൽ ബോക്സ് ബസവരാജേശ്വരിയുടെ വീട്ടുമുറ്റത്ത് എത്തുന്നത്. പാഴ്സലുമായി എത്തിയയാൾ ശശികലയെ വിളിച്ചപ്പോൾ അവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കൊറിയർ ബസവരാജേശ്വരി എൽപ്പിക്കാൻ ആവശ്യപ്പെട്ടു. തന്റെ പേരിൽ ഒന്നും പാഴ്സലായി വരാനില്ല എന്നും പാക്കേജ് വാങ്ങി പരിശോധിക്കാനും ശശികല ബസവരാജേശ്വരിയെ ഫോണില്‍ വിളിച്ചു പറയുകയും ചെയ്തു. ബോക്സിൽ ശശികലയുടെ പേരും മൊബൈൽ രേഖപ്പെടുത്തിയിരുന്നു. ബോക്സിനുള്ളിൽ ഉണ്ടായിരുന്നത് ഹെയര്‍ ഡ്രൈയര്‍ ആണെന്ന് മനസിലായപ്പോൾ അത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാന്‍ അയൽവാസി ആവശ്യപ്പെട്ടു. തുടർന്ന് പ്ലഗ് കണക്ട് ചെയ്ത് സ്വിച്ച് ഓണ്‍ ചെയ്തതും ബസവരാജേശ്വരിയുടെ കയ്യിലിരുന്ന ഹെയര്‍ ഡ്രൈയര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഒൻപതു കൈവിരലുകളും ചിതറിയ നിലയിലായിരുന്നു ബസവരാജേശ്വരിയെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും സാരമായ പരിക്കേറ്റിരുന്നു. ബസവരാജേശ്വരിയുടെ ഭര്‍ത്താവ് പാപ്പണ്ണ യര്‍നാല്‍ സൈനികനായിരുന്നു. 2017ല്‍ ജമ്മു കശ്മീരില്‍ വച്ച് ഷോക്കേറ്റ് മരിച്ചു. അയൽവാസി ശശികലയുടെ ഭർത്താവും അന്തരിച്ച സൈനികനാണ്.

പൊലീസ് കണ്ടെത്തിയ ട്വിസ്റ്റ്

ഹെയർ ഡ്രയറിൽ ഘടിപ്പിച്ച ബോംബാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ സിദ്ധപ്പയുടെ ലക്ഷ്യം ശശികല ആയിരുന്നുവെന്ന് കർണാടക പൊലീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. സിദ്ധപ്പയുമായി ബസവരാജേശ്വരിക്ക് ഉണ്ടായിരുന്ന ബന്ധമായിരുന്നു ഇതിന് പിന്നിൽ. ഈ ബന്ധത്തില്‍നിന്ന് ബസവരാജേശ്വരിയെ പിന്തിരിപ്പിക്കാന്‍ ശശികല നിരന്തരം ശ്രമിച്ചിരുന്നു. ഇതിനെതുടർന്നുണ്ടായ വിദ്വേഷമാണ് ശശികലയെ കൊലപ്പെടുത്തുക ചിന്തയിലേക്ക് സിദ്ധപ്പയെ നയിച്ചത്. ഇതിനായി സിദ്ധപ്പ പദ്ധതി തയാറാക്കി. ഹെയര്‍ ഡ്രയര്‍ വാങ്ങി അതിൽ ചെറു ബോംബ് സ്ഥാപിച്ചു. തുടര്‍ന്ന് പാഴ്സലായി ശശികലയുടെ പേരില്‍ അയക്കുകയായിരുന്നു. എന്നാൽ ആ കുടുക്കിൽ സിദ്ധപ്പയുടെ സുഹൃത്ത് തന്നെ അകപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top