26 December Thursday
നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഒമർ അബ്‌ദുള്ള മുഖ്യമന്ത്രിയാകും

കശ്‌മീരിൽ ‘ഇന്ത്യ’, കെെവിട്ട് ഹരിയാന ; പ്രത്യേക പദവി റദ്ദാക്കിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ തിരിച്ചടി

സ്വന്തം ലേഖകൻUpdated: Tuesday Oct 8, 2024

ജമ്മു കശ്മീരിലെ കുൽഗാമിൽനിന്ന് അഞ്ചാംതവണയും വിജയിച്ച സിപിഐ എം സ്ഥാനാർഥി 
മുഹമ്മദ് യൂസുഫ് തരിഗാമി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു


ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ കൂട്ടായ്‌മ ഭരണം ഉറപ്പിച്ചു. കോൺഗ്രസിന്റെ ദൗർബല്യം മുതലെടുത്ത്‌ ഹരിയാനയിൽ തുടർച്ചയായ മൂന്നാംവട്ടവും ബിജെപി അധികാരം പിടിച്ചു. രണ്ടിടത്തും പ്രകടനം മോശമായത്‌ കോൺഗ്രസിന്‌  ആഘാതമായി. ഹരിയാനയിൽ ബിജെപിക്ക്‌ ആശ്വാസമായെങ്കിലും  10 വർഷത്തിനുശേഷം തെരഞ്ഞെടുപ്പ്‌ നടന്ന  ജമ്മു കശ്‌മീരിൽ കുറുക്കുവഴിയിലൂടെ അധികാരം പിടിക്കാനുള്ള ശ്രമം പാളി.   

ജമ്മു -കശ്‌മീരിൽ നാഷണൽ കോൺഫറൻസിന്‌ ലഭിച്ച വലിയ പിന്തുണയാണ്‌ കോൺഗ്രസിന്റെ മോശം പ്രകടനത്തിനിടയിലും ഇന്ത്യ കൂട്ടായ്‌മയുടെ മുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌. മത്സരിച്ച 56ൽ 42 സീറ്റിൽ എൻസി ജയിച്ചു. ജമ്മു കശ്‌മീരിൽ ഒമർ അബ്‌ദുള്ള മുഖ്യമന്ത്രിയാകുമെന്ന്‌ എൻസി പ്രസിഡന്റ്‌ ഫാറൂഖ്‌ അബ്‌ദുള്ള പ്രഖ്യാപിച്ചു. 39 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ആറിലൊതുങ്ങി. ജമ്മു മേഖലയിലെ 29 സീറ്റിൽ ജയിച്ച ബിജെപി  കശ്‌മീർ താഴ്‌വരയിൽ തൂത്തെറിയപ്പെട്ടു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിക്ക്‌ കുൽഗാമിൽ തുടർച്ചയായ അഞ്ചാം ജയം. ബദ്‌ഗാമിലും ഗന്ധർബാലിലും മത്സരിച്ച ഒമർ അബ്‌ദുള്ള രണ്ടിടത്തും ജയിച്ചു. മുൻമുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിയുടെ മകളും പിഡിപി നേതാവുമായ ഇൽതിജ മുഫ്‌തി ശ്രീഗുഫ്‌വാര–- ബ്രിജ്‌ബെഹര സീറ്റിൽ തോറ്റു. പിഡിപി മൂന്ന്‌ സീറ്റിലൊതുങ്ങി. ജമ്മുവിലെ ദോഡയിൽ എഎപിയും ജയിച്ചു. പീപ്പിൾസ്‌ കോൺഫറൻസിന്റെ സജ്ജാദ്‌ ഗനിലോൺ ഹന്ദ്‌വാരയിൽ ജയിച്ചു.  നിരോധിക്കപ്പെട്ട ജമ്മു കശ്‌മീർ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയിൽ മത്സരിച്ച 10 സ്വതന്ത്രരും തോറ്റു. അവരുമായി സഖ്യത്തിൽ 35 സീറ്റിൽ മത്സരിച്ച എഞ്ചിനീയർ റാഷിദിന്റെ അവാമി ഇത്തെഹാദ്‌ പാർടിക്ക്‌ ലഭിച്ചത്‌ ഒറ്റ സീറ്റ്‌.  90 അംഗ ജമ്മു കശ്‌മീർ നിയമസഭയിൽ അഞ്ച്‌ എംഎൽഎമാരെ ലെഫ്‌. ഗവർണർ നാമനിർദേശംകൂടി ചെയ്യുന്നതോടെ അംഗബലം 95 ആകും. അതോടെ, സർക്കാർ രൂപീകരണത്തിന്‌ 48 എംഎൽഎമാരുടെ പിന്തുണ വേണം. ഇന്ത്യസഖ്യത്തിന്‌ 50 സീറ്റിലേറെയുണ്ട്‌.

ഹരിയാനയില്‍ 
ബിജെപി 48 സീറ്റ്
തൊണ്ണൂറംഗ ഹരിയാന നിയമസഭയിൽ ബിജെപി 48 സീറ്റുനേടി. കോൺഗ്രസ്‌ 37 സീറ്റിൽ ഒതുങ്ങി. ഐഎൻഎൽഡി രണ്ട്‌ സീറ്റിലും സ്വതന്ത്രർ മൂന്ന്‌ സീറ്റിലും ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10 സീറ്റ്‌ നേടി ബിജെപിയുടെ സഖ്യസർക്കാരിൽ പങ്കാളിയായിരുന്ന ദുഷ്യന്ത്‌ ചൗട്ടാലയുടെ ജെജെപിക്ക്‌ ഒറ്റ സീറ്റും കിട്ടിയില്ല. ബിജെപിക്ക്‌ 39.94 ശതമാനം വോട്ട്‌ ലഭിച്ചപ്പോൾ കോൺഗ്രസിന്‌ 39.09 ശതമാനമാണ്‌ വോട്ട്‌ നേട്ടം. രണ്ട്‌ ശതമാനത്തോളം വോട്ട്‌ നേടിയ എഎപിയുമായി കോൺഗ്രസ്‌ സഖ്യം രൂപീകരിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ്‌ ചിത്രം മറ്റൊന്നാകുമായിരുന്നു. നയാബ് സിങ് സെെനി തന്നെ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.

ജമാഅത്തെ ഇസ്ലാമി – സംഘപരിവാർ 
ഗൂഢനീക്കം പൊളിഞ്ഞു
ജമ്മു കശ്‌മീരിൽ മതനിരപേക്ഷ ഇന്ത്യ കൂട്ടായ്‌മയെ ബിജെപിയുടെ പരോക്ഷ പിന്തുണയോടെ ദുർബലപ്പെടുത്താൻ ജമാഅത്തെ ഇസ്ലാമിയും ബാരാമുള്ള ലോക്‌സഭാംഗം എഞ്ചിനീയർ റാഷിദിന്റെ അവാമി ഇത്തെഹാദ്‌ പാർടിയും നടത്തിയ ശ്രമങ്ങളെ താഴ്‌വരയിലെ വോട്ടർമാർ പരാജയപ്പെടുത്തി.   നിരോധിക്കപ്പെട്ട ജമ്മു കശ്‌മീർ ജമാഅത്തെ ഇസ്ലാമി 10 സീറ്റിൽ ‘സ്വതന്ത്ര’ സ്ഥാനാർഥികളെ നിർത്തി. ഇത്തെഹാദ്‌ പാർടി 35ലും മത്സരിച്ചു. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഇരുകൂട്ടരും സഖ്യം പ്രഖ്യാപിച്ചു.

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി മത്സരിച്ച കുൽഗാമിൽ ഉൾപ്പെടെ 45 സീറ്റിൽ മത്സരിച്ച ജമാഅത്തെ ഇസ്ലാമി–- അവാമി ഇത്തെഹാദ്‌ കൂട്ടുകെട്ടിന്‌ ഒരു സീറ്റിലാണ്‌ ജയിക്കാനായത്‌. താഴ്‌വയിലെ ലാൻഗേറ്റ്‌ സീറ്റിൽ എഞ്ചിനീയർ റാഷിദിന്റെ സഹോദരൻ ഖുർഷിദ്‌ അഹമ്മദ്‌ ഷെയ്‌ക്ക്‌ 1602 വോട്ടിന്‌ ജയിച്ചു. യുഎപിഎ ചുമത്തപ്പെട്ട റാഷിദ്‌ ജയിലിൽ കിടന്നാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്‌. ഒമർ അബ്‌ദുള്ളയെ രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ റാഷിദ്‌ തോൽപ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ബിജെപിക്ക്‌ എഞ്ചിനീയർ റാഷിദിനോടും ജമാഅത്തെ ഇസ്ലാമിയോടുമുള്ള നിലപാടിൽ മാറ്റം വന്നു. ഇന്ത്യാ കൂട്ടായ്‌മയുടെ സാധ്യതകളെ അവർ ദുർബലപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ. തിഹാർ ജയിലിൽ കഴിഞ്ഞ എഞ്ചിനീയർ റാഷിദിന്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ജാമ്യം അനുവദിച്ചു. അതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന്‌ എൻസി അടക്കമുള്ള പാർടികൾ ആരോപിച്ചിരുന്നു. എഞ്ചിനീയർ റാഷിദും ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തിന്‌ വഴിയൊരുക്കിയതും ബിജെപിയാണെന്ന ആക്ഷേപമുണ്ട്‌.

ഭിവാനിയിൽ 
ഘനശ്യാം ഷറാഫിന്‌ ജയം
ഹരിയാനയിലെ ഭിവാനി മണ്ഡലത്തിൽ സിറ്റിങ്‌ എംഎൽഎ ഘനശ്യാം ഷറാഫിന്‌ നാലാം ജയം. 32,714 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ബിജെപി സ്ഥാനാർഥി ജയിച്ചത്‌. സിപിഐ എം സ്ഥാനാർഥി ഓം പ്രകാശ്‌ 34,373 വോട്ടുനേടി രണ്ടാമതെത്തി. 2019ൽ കോൺഗ്രസിന്‌ 18,682 വോട്ടാണ്‌ ഇവിടെ ലഭിച്ചത്‌.   എഎപി സ്ഥാനാർഥി ഇന്ദുവും കോൺഗ്രസ്‌ വിമതൻ അഭിജിത്‌ ലാൽ സിങ്ങും ബിജെപി വിരുദ്ധ വോട്ട്‌ ഭിന്നിപ്പിച്ചു. ഇന്ദു 17,573 വോട്ടുനേടിയപ്പോൾ അഭിജിത്‌ ലാൽ 15,810 വോട്ടും പിടിച്ചു.  ബിജെപി വ്യാപകമായി പണമൊഴുക്കിയെന്ന്‌ സിപിഐ എം ഹരിയാന സംസ്ഥാന സെക്രട്ടറി സുരേന്ദ്ര മല്ലിക്‌ ചൂണ്ടിക്കാട്ടി. എഎപിയുമായി സഖ്യം രൂപീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു. കോൺഗ്രസിലെ ഭുപീന്ദർ സിങ്‌ ഹൂഡ –-കുമാരി ഷെൽജ തർക്കവും പ്രതികൂലമായി–- അദ്ദേഹം പറഞ്ഞു.

ദുഷ്യന്ത്‌ ചൗട്ടാല
 അഞ്ചാമത്‌
ഹരിയാനയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്തുസീറ്റ്‌ ജയിച്ച്‌ കിങ്‌മേക്കറായ ജെജെപി നേതാവ്‌ ദുഷ്യന്ത്‌ ചൗട്ടാലയ്‌ക്ക്‌ വമ്പൻ തോൽവി. മുൻ ഉപമുഖ്യമന്ത്രി സിറ്റിങ്‌ സീറ്റായ ഉച്ചനാ കലാനിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദുഷ്യന്തിന്‌ ആകെ ലഭിച്ചത്‌ 7,950 വോട്ടുമാത്രം. ബിജെപി സ്ഥാനാർഥി ദേവേന്ദർ ചതർഭുജ്‌ 48,968 വോട്ടുനേടി വിജയിച്ചു. 32 വോട്ടാണ്‌ ഭൂരിപക്ഷം. രണ്ടാമതെത്തിയ കോൺഗ്രസ്‌ സ്ഥാനാർഥി ബ്രിജേന്ദ്ര സിങ്ങ്‌ 48,936 വോട്ടും. മൂന്നും നാലും സ്ഥാനത്ത്‌ സ്വതന്ത്രരാണ്‌. 2019ൽ 47,452 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ദുഷ്യന്ത്‌ ചൗട്ടാല ജയിച്ചത്‌.

തകർന്നടിഞ്ഞ്‌ എക്‌സിറ്റ്‌പോൾ പ്രവചനങ്ങള്‍
ഹരിയാനയിലെയും ജമ്മു കശ്‌മീരിലെയും ജനവിധിയിൽ എക്‌സിറ്റ്‌പോൾ ഫലങ്ങളുടെ വിശ്വാസ്യത കൂടിയാണ്‌ തകർന്നടിഞ്ഞത്‌. കോൺഗ്രസ്‌ ഹരിയാന തൂത്തുവാരും, ജമ്മു കശ്‌മീരിൽ തൂക്കുസഭ എന്നായിരുന്നു മിക്ക പ്രവചനവും. ഹരിയാനയിൽ കോൺഗ്രസിന്‌ 44–-65 സീറ്റാണ്‌ ആക്‌സിസ്‌ മൈ ഇന്ത്യാ, റിപ്പബ്ലിക് ടിവി–-മട്രീസ്‌, ദൈനിക്‌ ഭാസ്‌കർ സർവേ തുടങ്ങിയവയുടെ എക്‌സിറ്റ്‌ പോളുകൾ  പ്രവചിച്ചത്‌. ജമ്മു കശ്‌മീരിൽ ഇന്ത്യ കൂട്ടായ്‌മയ്‌ക്ക്‌ നേരിയ മുൻതൂക്കമുണ്ടായാലും തൂക്കുസഭയാകുമെന്നുമായി പ്രവചനം.  ഫലം മറിച്ചായി, ഇന്ത്യാകൂട്ടായ്‌മയ്‌ക്ക്‌ വ്യക്തമായ ഭൂരിപക്ഷം.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലവും പ്രവചനക്കാരെ നിരാശപ്പെടുത്തി.   എൻഡിഎ നാനൂറിലധികം സീറ്റ്, ബിജെപി ഒറ്റയ്‌ക്ക്‌ 300ലേറെ സീറ്റ്‌ എന്നിങ്ങനെയായിരുന്നു പ്രവചനങ്ങൾ. ഫലം വന്നപ്പോൾ ബിജെപി 240 സീറ്റിലൊതുങ്ങി. ജനവികാരവും താഴെത്തട്ടിലെ യാഥാർഥ്യങ്ങളും എക്‌സിറ്റ്‌പോളുകളില്‍ പ്രതിഫലിച്ചില്ലെന്ന്‌ വ്യക്തം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top