കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ജൂനിയർ ഡോക്‌ടർ ക്രൂരപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയിലും മുഖത്തും സ്വകാര്യഭാഗങ്ങളിലുമടക്കം 14 മറിവുകളുണ്ട്. എല്ലാ മുറിവും മരണത്തിന് മുമ്പ് ഉണ്ടായതാണ്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിരുന്നു. കടുത്ത ലൈംഗിക അതിക്രമത്തിന് ഇരയായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഗസ്‌ത് ഒൻപതിനാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊൽക്കത്ത പൊലീസിലെ സിവിക് വൊളന്റിയറും തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമായ പ്രതി സഞ്ജയ് റോയിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള മമത സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്.
രൂക്ഷ വിമർശം ഉന്നയിച്ച കൊൽക്കട്ട ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ചൊവ്വാഴ്‌ച പരിഗണിക്കുന്നുണ്ട്.
ഉത്തരമില്ലാതെ പ്രിൻസിപ്പൽ
ജൂനിയര്‍ ഡോക്ടറെ പീഡിപ്പിച്ചുകൊന്ന സംഭവത്തിൽ ഉയര്‍ന്ന ആരോപണങ്ങളിൽ ആര്‍ ജി കര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് തൃപ്തികരമായ മറുപടി സിബിഐക്ക് നൽകിയില്ലെന്ന് റിപ്പോര്‍ട്ട്. നാലുദിവസമായി സിബിഐ പ്രിൻസിപ്പലിനെ ചോദ്യം ചെയ്യുകയാണ്. ജൂനിയര്‍ ഡോക്ടറുടെ കൊലപാതകശേഷം നിരവധി വീഴ്ചകള്‍ പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായി. ആത്മഹത്യയാണെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്തിനായിരുന്നു ഇത്രയും ധൃതി? എന്തുകൊണ്ട് ക്രൈം സീൻ സുരക്ഷിതമാക്കാൻ നടപടിയെടുത്തില്ല. ? പ്രധാന വസ്തുതകള്‍ മറച്ചുവച്ച് കുടുംബത്തെ വിവരം അറിയിക്കാൻ ആരാണ് ഉപദേശിച്ചത്. ക്രൈം സീൻ സംരക്ഷിക്കാതിരുന്നത് എന്തുകൊണ്ടാണ്. തുടങ്ങിയ ചോദ്യങ്ങളാണ് സിബിഐ ഉദ്യോഗസ്ഥര്‍ സന്ദീപ് ഘോഷിനോട് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷം ഡോ. ഘോഷ് രാജിവച്ചിരുന്നു. എന്തിനായിരുന്നു ഇത്രവേഗം രാജിയെന്നും സിബിഐ ആരാഞ്ഞു. മൃതദേഹം കണ്ട സെമിനാര്‍ ഹാളിനോട് ചേര്‍ന്ന അടിയന്തരമായി നവീകരണപ്രവര്‍ത്തനവും നടത്തി. ഇതും സംശയാസ്പദമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..