ന്യൂഡല്‍ഹി> കൊല്‍ക്കത്ത കൊലപാതകത്തില്‍ എഫ്ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കൊലപാതകം നടന്നിട്ടും പരാതി നല്‍കാത്ത പ്രിന്‍സിപ്പല്‍ ആരെയാണ് സംരക്ഷിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. ഡോക്ടര്‍മാരുടെ സംരക്ഷണം സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും സമരം നടത്തുന്നവര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ച് നിര്‍ദേശിച്ചു.
അതിക്രൂരമായ കൊലപാതകം നടന്നതിന് ശേഷം ബംഗാള്‍ സര്‍ക്കാരും പൊലീസും മെഡിക്കല്‍ കോളേജും സ്വീകരിച്ച നടപടിയെ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. പുലര്‍ച്ചെ നടന്ന കൊലപാതകത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനും സംസ്‌കാരത്തിനും ശേഷം ഇരയുടെ പിതാവിന്റെ പരാതി ലഭിക്കുന്നതുവരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാത്തുനിന്നു. ഇത്രയും സമയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചോദിച്ചു.
പ്രിന്‍സിപ്പല്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. പൊലീസിന് വീഴ്ച പറ്റിയില്ലെന്നായിരുന്നു ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ കപില്‍ സിബൽ വാദിച്ചത്. എന്നാല്‍ സിബിഐ കേസ് ഏറ്റെടുക്കും മുമ്പ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയെ അറിയിച്ചു. കൊലപാതകം നടന്ന് 14 മണിക്കൂര്‍ വരെ എന്തിനാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതെന്ന് കോടതി ചോദിച്ചു. ഒരു കേസ് ഇത്രയും മോശമായി കൈകാര്യം ചെയ്യുന്നത് 30 വര്‍ഷത്തിനിടെ ആദ്യ അനുഭവമാണെന്ന് ജസ്റ്റിസ് പര്‍ദിവാലയും വിമര്‍ശിച്ചു.
ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും ഡിജിപിമാരുടെയും യോഗം വിളിച്ച് ക്രമസമാധാനം ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കര്‍മ സമിതി റിപ്പോര്‍ട്ട് വരുന്നതുവരെ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കണം. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരടക്കം 13 ദിവസമായി വിട്ടുനില്‍ക്കുന്നത് ലഘൂകരിച്ച് കാണാനാവില്ലെന്നും ചീഫ് ജസ്റ്റിസ നിരീക്ഷിച്ചു. എന്നാല്‍ സമരം ചെയ്തവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും വ്യക്തമാക്കി. സിബിഐയും സര്‍ക്കാരും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതി പരിശോധിച്ചു. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..