കൊൽക്കത്ത> കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഡോക്ടർമാർക്കും ബിജെപി നേതാക്കൾക്കും നോട്ടീസ്. ഡോക്ടർമാരായ ഡോ.കുനാൽ സർക്കാർ, ഡോ.സുബർണ ഗോസ്വാമി, ബിജെപി നേതാവും മുൻ എംപിയുമായ ലോകേത് ചാറ്റർജി എന്നിവർക്കാണ് നോട്ടീസ് കൊൽക്കത്ത പൊലീസ് നോട്ടീസ് നൽകിയത്.
ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മുമ്പ് പൊലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസിൽ ആവശ്യപ്പെട്ടു. കേസിലെ അന്വേഷണത്തെ കുറിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യാജ വിവരങ്ങൾ പങ്കുവെച്ചതിനാണ് ഡോ.സർക്കാറിനും ഡോ.ഗോസ്വാമിക്കും നോട്ടീസ് നൽകിയത്.
കേസിന്റെ അന്വേഷണം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ എന്നിവയാണ് ഡോക്ടർമാർക്കെതിരെ നോട്ടീസ് നൽകാൻ കാരണം. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഡോ.ഗോസ്വാമി പോസ്റ്റ്മോർട്ടം റിപ്പോർട്ട് തനിക്ക് ലഭിച്ചുവെന്നും ഇതുപ്രകാരം പെൺകുട്ടിയുടെ ശരീരത്തിൽ 150 മില്ലിഗ്രാം പുരുഷ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും പറഞ്ഞത്. ഇത് കൂട്ടബലാത്സംഗം നടന്നതിന്റെ സാധ്യതയാണെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ, ഇത് വ്യാജ വിവരങ്ങളാണെന്നാണ് പൊലീസ് പറയുന്നത്.
ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയതിനാണ് ബിജെപി മുൻ എംപി ലോകേത് ചാറ്റർജിക്കെതിരെ കേസെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..