22 December Sunday
നഴ്സിനുനേരെ രോഗിയുടെ ലൈം​ഗികാതിക്രമം

യുവ ഡോക്ടറുടെ ബലാത്സംഗക്കൊല ; പ്രതിഷേധമടങ്ങാതെ ബംഗാൾ

ഗോപിUpdated: Monday Sep 2, 2024



കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട്‌ പശ്‌ചിമ ബംഗാളിലെ വിവിധയിടങ്ങളിൽ ഞായറാഴ്‌ച വൻ റാലിയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. സംഭവം നടന്ന്‌ 23 ദിവസം പിന്നിട്ടിട്ടും ശരിയായ ദിശയിൽ അന്വേഷണം നടക്കുന്നില്ലെന്ന്‌ പ്രതിഷേധക്കാർ പറഞ്ഞു.

സിനിമ സീരിയൽ നടീനടൻമാരും അണിയറ പ്രവർത്തകരും അണിനിരന്ന പ്രകടനം ദക്ഷിണ കൊൽക്കത്തയിലെ ഗോൾപാർക്ക്  രാമകൃഷ്ണ മിഷൻ മുതൽ ചലച്ചിത്ര കേന്ദ്രമായ നന്ദൻ വരെയായിരുന്നു. രാമകൃഷ്ണ മിഷൻ അനുയായികളും അണിനിരന്നു. കൊൽക്കത്തയിലെ പ്രമുഖ സ്കൂൾ കോളേജ് പൂർവ വിദ്യാർഥികളും പ്രതിഷേധ റാലി നടത്തി. ഹസറ ജങ്‌ഷനിൽ മനുഷ്യച്ചങ്ങല തീർത്തു. ഇടതുപക്ഷ തൊഴിലാളി- യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ വിവിധയിടങ്ങളിൽ പ്രകടനങ്ങളും റാലികളും നടന്നു. ചൊവ്വാഴ്‌ച കൊൽക്കത്തയിൽ വൻ പ്രകടനം നടത്താൻ ഇടതുമുന്നണി ആഹ്വാനം ചെയ്‌തു.
 

നഴ്സിനുനേരെ രോഗിയുടെ ലൈം​ഗികാതിക്രമം
പശ്ചിമ ബം​ഗാളിലെ ബിര്‍ഭും ജില്ലയിലെ ഇളംബസാറിലെ സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ വനിതാ നഴ്സിനോട് രോഗിയുടെ ലൈം​ഗികാതിക്രമം. ശനിയാഴ്ച രാത്രി ഡ്യൂട്ടിക്കിടെയാണ് സംഭവം. കടുത്തപനിയെ തുടര്‍ന്ന് സ്ട്രെച്ചറിൽ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചയാളെ ഡോക്ടറുടെ നിര്‍ദേശപ്രകാരം പരിചരിക്കുമ്പോഴാണ് അതിക്രമം ഉണ്ടായത്. രോ​ഗി തന്റെ സ്വകാര്യഭാ​ഗങ്ങളിൽ സ്പര്‍ശിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് നഴ്സ് പരാതിയിൽ പറഞ്ഞു. ആശുപത്രിയിൽ മതിയായ സുരക്ഷയില്ലാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും നഴ്സ് പറഞ്ഞു. പ്രതിയെ അറസ്റ്റുചെയ്തു. കൊൽക്കത്ത ആര്‍ ജി കര്‍ മെഡിക്കൽ കോളേജിൽ ജൂനിയര്‍ ഡോക്ടറെ ബലാത്സം​ഗം ചെയ്തുകൊന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് നഴ്സിനെതിരായ അതിക്രമം.

ആശുപത്രിയിൽ 12കാരിയെ 
പീഡിപ്പിക്കാൻ ശ്രമം
പശ്ചിമ ബം​ഗാളിൽ ഹൗറയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ലാബ് ടെക്-നീഷ്യൻ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഒരാഴ്ചയായി ഇവിടെ ചികിത്സയിലുണ്ടായിരുന്ന കുട്ടിക്കുനേരെയാണ് ശനിയാഴ്‌ച അതിക്രമമുണ്ടായത്. വിവരം പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയുംചെയ്തു. പൊലീസ് ഇയാളെ അറസ്റ്റുചെയ്തു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സുപ്രണ്ടിന്റെ രാജി ആവശ്യപ്പെട്ട് ആശുപത്രിയിലേക്ക് ഞായറാഴ്ച പ്രതിഷേധ പ്രകടനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top