22 December Sunday

'ബേട്ടി ബച്ചാവോ' ; രാജ്യത്ത്‌ സ്‌ത്രീകൾ അരക്ഷിതാവസ്ഥയിൽ

സ്വന്തം ലേഖകൻUpdated: Tuesday Aug 20, 2024


ന്യൂഡൽഹി
കൊൽക്കത്തയിലെ യുവഡോക്‌ടറുടെ നിഷ്‌ഠൂര കൊലപാതകം രാജ്യത്തെ സ്‌ത്രീസുരക്ഷയെക്കുറിച്ച്‌ വീണ്ടും ചോദ്യങ്ങളുയർത്തുന്നു. നരേന്ദ്രമോദി സർക്കാർ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമ്പോൾ രാജ്യത്തെ സ്‌ത്രീകളുടെ സ്ഥിതി കൂടുതൽ അരക്ഷിതമാവുകയാണ്‌ ചെയ്യുന്നത്‌. 2024ൽ വേൾഡ്‌ പോപ്പുലേഷൻ റിവ്യൂ പ്രകാരം സ്‌ത്രീകൾക്ക്‌ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ ഒമ്പതാമതാണ്‌ ഇന്ത്യ. 2018ൽ ആഗോളതലത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്‌ പ്രകാരം സ്‌ത്രീകൾക്ക്‌ ഏറ്റവും അപകടകരമായ രാജ്യമായി ചൂണ്ടിക്കാട്ടപ്പെട്ടതും ഇന്ത്യയാണ്‌. 2012ൽ ഡൽഹിയിൽ യുവതി കൂട്ടബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്ന്‌ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. സ്‌ത്രീസുരക്ഷ പ്രധാന മുദ്രാവാക്യമായി ഉയർത്തിയാണ്‌ 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്‌.

മണിക്കൂറിൽ 52 കേസ്‌
ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്ക്‌ പ്രകാരം രാജ്യത്ത്‌ സ്‌ത്രീകൾക്കുനേരെ ഉണ്ടാവുന്ന അതിക്രമ സംഭവങ്ങളിൽ മണിക്കൂറിൽ 52 കേസാണ്‌ രജിസ്‌റ്റർ ചെയ്യുന്നത്‌. ഒരോ പതിനഞ്ച്‌ മിനിറ്റിലും ഒരു സ്‌ത്രീ പീഡനത്തിന്‌ ഇരയാകുന്നു. രജിസ്‌റ്റർ ചെയ്യാത്ത സംഭവങ്ങൾ എത്രയോ ഇരട്ടി. 2022-ൽ 4,45,256 കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ക്രമസമാധാനം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്‌ത്രീസുരക്ഷ വളരെ മോശമാണ്‌. 2022ൽ രജിസ്‌റ്റർ ചെയ്‌തത്‌ 14,158 കേസ്‌. ദേശീയ വനിത കമീഷന്റെ കണക്ക്‌ പ്രകാരം സ്‌ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളിൽ യുപിയിൽ നിന്നാണ്‌ 2024ൽ ഏറ്റവും കൂടുതൽ പരാതി. ആകെ ലഭിച്ച 12,648 പരാതികളിൽ 6,492 എണ്ണവും യുപിയിൽനിന്ന്‌.

ഗുജറാത്ത്‌ വംശഹത്യക്കിടെ കൂട്ടബലാത്സംഗത്തിന്‌ ഇരയായ ബിൽക്കിസ്‌ ബാനുവിന്റെ കേസിലെ കുറ്റവാളികളെ സംസ്ഥാന ബിജെപി സർക്കാർ മോചിപ്പിച്ചതും ഗുസ്‌തി താരങ്ങളുടെ പ്രക്ഷോഭവും മോദി സർക്കാരിന്റെ പൊള്ളത്തരം വെളിവാക്കി. ഹാഥ്‌രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം യുപി സർക്കാർ ബലമായി പിടിച്ചെടുത്ത്‌ സംസ്കരിച്ചു. മണിപ്പുരിൽ സ്‌ത്രീകളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്‌തപ്പോഴും കേന്ദ്രസർക്കാർ  ഇടപെട്ടില്ല.

യുപിയില്‍ ദളിത് നഴ്സിനെ ഡോക്ടര്‍ ബലാത്സം​ഗം ചെയ്തു
യുപിയിലെ മൊറാദാബാദിലെ സ്വകാര്യആശുപത്രിയിൽ  ദളിത് നഴ്സിനെ ഡോക്ടര്‍ ബലാത്സം​ഗംചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. വാര്‍ഡ് ജീവനക്കാരനും മറ്റൊരു നഴ്സിനും സംഭവത്തില്‍ പങ്കുണ്ടെന്ന വിവരവും പുറത്തുവന്നു. രാത്രി വൈകി ഡോക്ടറെപോയി കാണാൻ 20കാരിയായ നഴ്സിനോട് ഇവര്‍ നിര്‍ദേശിക്കുകയായിരുന്നു. വഴങ്ങാത്തതോടെ ഇരുവരുംചേര്‍ന്ന് ബലമായി മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ടു. പിന്നാലെ ഡോക്ടര്‍ മുറിയിലെത്തി ബലാത്സം​ഗംചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡോക്ടര്‍ ഷാനവാസും രണ്ടു സഹായികളും അറസ്റ്റിലായമെന്ന് പൊലീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top