22 December Sunday

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ , കേന്ദ്രനിയമം വേണം ; കേന്ദ്രസർക്കാരിന്‌ എതിരേ പ്രതിഷേധം ശക്തമാകുന്നു

എം അഖിൽUpdated: Tuesday Aug 20, 2024


ന്യൂഡൽഹി
രാജ്യത്ത്‌ ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കാൻ കർശനവ്യവസ്ഥകളുള്ള നിയമം പാസാക്കണമെന്ന ആവശ്യം പരിഗണിക്കാത്ത കേന്ദ്രസർക്കാരിന്‌ എതിരേ  പ്രതിഷേധം ശക്തമാകുന്നു. കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന സംഭവത്തെ തുടർന്ന്‌ ‘ഇരയ്‌ക്ക്‌ നീതിയും സുരക്ഷയ്‌ക്ക്‌ നിയമവും’–- എന്ന ആവശ്യമുയർത്തി രാജ്യത്തെ ഡോക്ടർമാർ ഒറ്റക്കെട്ടായി സമരരംഗത്തുണ്ട്‌. എന്നാൽ, പ്രക്ഷോഭം ഒരാഴ്‌ച പിന്നിട്ടിട്ടും ഈ കാര്യത്തിൽ ഉറപ്പ്‌ നൽകാൻ മോദി സർക്കാർ തയ്യാറായിട്ടില്ല. ആരോഗ്യമന്ത്രാലയത്തിൽ നിന്നും രേഖാമൂലമുള്ള ഉറപ്പ്‌ ലഭിക്കാതെ പിൻമാറില്ലെന്ന ദൃഢനിശ്‌ചയത്തിലാണ്‌ ഡോക്ടർമാർ.

കേന്ദ്രസർക്കാർ ഉറപ്പുകൾ എഴുതിനൽകാതെ സമരം അവസാനിപ്പിക്കില്ലെന്ന്‌ ഡൽഹിയിൽ ആരോഗ്യമന്ത്രാലയം സ്ഥിതി ചെയ്യുന്ന നിർമാൺഭവന്‌  മുന്നിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാർ പ്രതികരിച്ചു. ഡൽഹി എയിംസിലെ റെസിഡന്റ്‌ ഡോക്ടർമാർ നിർമാൺഭവന്‌ മുന്നിൽ ഔട്ട്‌ പേഷ്യന്റ്‌ സേവനങ്ങൾ (ഒപി) നൽകിയും പ്രതിഷേധം രേഖപ്പെടുത്തി. എയിംസിലെ റെസിഡന്റ്‌ ഡോക്ടർ അസോസിയേഷൻ പ്രധാനമന്ത്രിക്ക്‌ കത്തയച്ചു. മൈസൂരുവിൽ മെഡിക്കൽവിദ്യാർഥികൾ ഗാന്ധി സ്‌ക്വയറിൽ മനുഷ്യച്ചങ്ങല തീർത്തു. ചണ്ഡിഗഡിൽ പിജിഐഎംഇആർ ഡോക്ടർമാരും മുംബൈ ആസാദ്‌ മൈതാനത്ത്‌ ഡോക്ടർമാരും നാട്ടുകാരും പ്രതിഷേധിച്ചു.

നിയമം ഉടൻ 
പാസാക്കണം: 
പത്മ ജേതാക്കൾ
കൊല്ലപ്പെട്ട യുവഡോക്ടർക്ക്‌ നീതി ഉറപ്പാക്കണമെന്നും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം പാസാക്കണമെന്നും ആവശ്യപ്പെട്ട്‌ പത്മാഅവാർഡ്‌ ജേതാക്കളായ 70 ഓളം ഡോക്ടർമാർ പ്രധാനമന്ത്രിക്ക്‌ കത്തയച്ചു.  2019ൽ രാജ്യവ്യാപക പ്രക്ഷോഭത്തെ തുടർന്ന്‌ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്കായി ബിൽ തയ്യാറാക്കിയെങ്കിലും ഇതുവരെ പാർലമെന്റിൽ എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഉടൻ ഓർഡിനൻസ്‌ കൊണ്ടുവന്ന്‌ നിയമം പാസാക്കാൻ സർക്കാർ തയ്യാറാകണമെന്ന്‌ ഡോ. ഹർഷ്‌ മഹാജൻ, ഡോ. യാഷ്‌ ഗുലാത്തി, ഡോ. നിഖിൽ ടണ്ഡൻ, ഡോ. ഡി എസ്‌ റാണ, ഡോ. സന്ദീപ്‌ ഗുലേറിയാ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

വിമര്‍ശിച്ചാല്‍ വിരല്‍ ഒടിക്കുമെന്ന് മന്ത്രി
ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തിൽ  മുഖ്യമന്ത്രി മമത ബാനര്‍ജിയെ കുറ്റപ്പെടുത്തുന്നവരെ ആക്രമിക്കാൻ ആഹ്വാനംചെയ്ത് മന്ത്രി ഉദയൻ ​ഗുഹ. മമത ബാനര്‍ജിക്കെതിരെ ചൂണ്ടുന്ന വിരൽ തല്ലിയൊടിക്കുമെന്ന് മന്ത്രി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മമതയ്‌ക്കെതിരെ രോഷം അണപൊട്ടി
ആർ  ജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ മമത സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. തിങ്കളാഴ്ച കൽക്കട്ട ഹൈക്കോടതിയിലെ അഭിഭാഷകർ കോടതി നടപടികളിൽനിന്ന്‌ വിട്ടുനിന്ന്‌ പ്രകടനം നടത്തി. തൃണമൂൽ കോൺഗ്രസ്‌ അനുകൂലികളായ അഭിഭാഷകരും  അണിനിരന്നു. വിവിധ സംഘടനകളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലും വൻ റാലികൾ അരങ്ങേറി. ഫൈൻ ആർട്‌സ്‌ അക്കാഡമി പരിസരത്ത്  കലാ സാഹിത്യ പ്രവർത്തകർ ചിത്രം വരച്ചും കവിതകൾ ചൊല്ലിയും പ്രതിഷേധിച്ചു.

അതേസമയം, ശബ്‌ദമുയർത്തുന്നവർക്കെതിരെ കൊൽക്കത്ത പൊലീസിന്റെ നടപടികളും തുടരുകയാണ്‌. കൊലപാതകത്തിനെതിരെ സമൂഹമാധ്യമത്തിൽ പ്രതികരിച്ചതിന് പ്രമുഖ ഡോക്ടർമാരായ കുണാൾ സർക്കാർ, സുബർണ ഗോസ്വാമി എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. കൊൽക്കത്ത മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർമാരും വിദ്യാർഥികളും അടക്കം വൻ പ്രകടനമായാണ്‌ രണ്ട്‌ ഡോക്‌ടർമാരും പൊലീസ് ആസ്ഥാനമായ ലാൽ ബസാറിലെത്തിയത്.

പൊലീസിന്റെ സമൻസ്‌ ചോദ്യംചെയ്‌ത്‌ തൃണമൂൽ എംപി സുഖേന്ദുശേഖർ റോയ് ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തിൽ പൊലീസ്‌ കമീഷണറെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യണമെന്ന്‌ പ്രതികരിച്ചതിന്റെ പേരിലാണ്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ പൊലീസ്‌ സമൻസയച്ചത്‌. മുഖ്യമന്ത്രി മമതയ്‌ക്കെതിരെ സമൂഹമാധ്യമത്തിൽ പ്രതികരിച്ച ഒരു യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്കെതിരെ ഭീഷണിപ്പെടുത്തി പലയിടത്തും തൃണമൂൽ നേതാക്കൾ രംഗത്തു വന്നു. അതേസമയം, കേസ്‌ അന്വേഷിക്കുന്ന സിബിഐ സംഘം കൊല്ലപ്പെട്ട ഡോക്‌ടറുടെ വീട്ടിലെത്തി രക്ഷിതാക്കളുടെ മൊഴി രേഖപ്പെടുത്തി. ബംഗാൾ ഗവർണർ സി വി ആനന്ദബോസ്‌ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ചൊവ്വാഴ്‌ച സന്ദർശിക്കും. തിങ്കൾ രാത്രി ഗവർണർ ഡൽഹിയിലെത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top