ഇംഫാൽ
മണിപ്പുരില്‍ തിങ്കളാഴ്‌ച പുതുതായി പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ 11 കുക്കി വിഭാഗക്കാരെ കേന്ദ്രസേന വെടിവച്ചുകൊന്നു. ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന് പരിക്കേറ്റെന്നും നാട്ടുകാരായ അഞ്ചുപേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ജവാനെ അസമിലെ സില്‍ച്ചർ മെഡിക്കല്‍കോളേജിലേക്ക് ആകാശമാര്‍ഗം മാറ്റി. തിങ്കളാഴ്‌ച പകൽ മൂന്നോടെ ജിരിബാം ജില്ലയിലെ ബോറോബക്കറ ഡിവിഷനിലെ ജാക്കുറദോറിലെ സിആര്‍പിഎഫ് പോസ്റ്റിലേക്കും പൊലീസ് സ്റ്റേഷനിലേക്കും 45 മിനിറ്റ് ആക്രമണമുണ്ടായെന്ന് സിആര്‍പിഎഫ് അറിയിച്ചു. പത്ത് മൃതദേഹങ്ങൾ കിട്ടിയെന്നും എകെ 47 അടക്കം വന്‍ ആയുധശേഖരം പിടിച്ചെടുത്തെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. മേഖലയില്‍ കൂടുതൽ സേനയെ വിന്യസിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജിരിബാമിലെ സൈരാണില്‍ ആദിവാസി വിഭാഗത്തിൽപ്പെട്ട ഹൈസ്‌കൂൾ അധ്യാപിക സൊസാങ്‌കിം മാറി(31)നെ വെടിവച്ചുകൊന്ന് മൃതദേഹം ചുട്ടെരിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്. കഴിഞ്ഞദിവസം ബിഷ്‌ണുപുരിൽ മെയ്‌തീ വിഭാഗക്കാരിയായ സ്‌ത്രീയും വെടിയേറ്റുമരിച്ചു.
തിരിഞ്ഞുനോക്കാതെ മോദി
കഴിഞ്ഞ ഒന്നര വർഷമായി സംഘർഷം തുടരുന്ന മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ കേന്ദ്ര– --സംസ്ഥാന സർക്കാരുകൾ പൂർണമായി പരാജയമാണെന്ന് പുതിയ സംഭവം വ്യക്തമാക്കുന്നു. ശത്രുരാജ്യങ്ങൾ കണക്കെ മണിപ്പുർ വിഭജിക്കപ്പെട്ടു. മിസൈലും ഡ്രോണുംവരെ ഉപയോഗിച്ച് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടുന്നു. മെയ്‌ത്തീ വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകിയ ഇംഫാൽ ഹൈക്കോടതി വിധിക്ക് പിന്നാലെ 2023 മെയ് മൂന്നിനാണ് കലാപമാരംഭിച്ചത്. 250ഓളം പേർ കൊല്ലപ്പെട്ടു. അരലക്ഷത്തോളം പേര്‍ക്ക് വീടും നാടും നഷ്ടപ്പെട്ടു. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ സംസ്ഥാനം സന്ദര്‍ശിച്ചിട്ടില്ല. ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ബിജെപിക്കാരായ കുക്കി എംഎൽഎമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയില്ല.
സോളിസിറ്റർ ജനറൽ പറഞ്ഞത് കള്ളം ; കുക്കി എംഎല്‍എമാര്‍ പറയുന്നു
മണിപ്പുർ കലാപം ആളിക്കത്തിക്കാൻ മുഖ്യമന്ത്രി ബിരേൻ സിങ് ശ്രമിച്ചതിന്റെ തെളിവ് പരിശോധിക്കണമെന്ന ഹർജി പരിഗണിക്കവെ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ കള്ളം പറഞ്ഞതായി ആക്ഷേപം. കുക്കി വിഭാഗക്കാരായ 10 എംഎൽഎമാരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കുക്കി സംഘടനകൾക്കുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ, ബിരേൻ സിങ്ങിന്റെ പങ്ക് വ്യക്തമാക്കുന്ന ഫോൺ സംഭാഷണങ്ങൾ പരിശോധിക്കണമെന്ന് വെള്ളിയാഴ്‌ച ആവശ്യപ്പെട്ടു. അക്രമികളെ സംരക്ഷിക്കാനും ആയുധവും പണവും നൽകാനും ബിരേൻ സിങ് മുൻകൈയെടുത്തതിന്റെ തെളിവാണിതെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, സംഘർഷം ശാന്തമാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത അവകാശപ്പെട്ടു. മുഖ്യമന്ത്രി കുക്കി വിഭാഗക്കാരായ എംഎൽഎമാരുമായി കൂടിക്കാഴ്‌ച നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രയത്നിക്കുന്നുണ്ടെന്നും തുഷാർ മെഹ്‌ത പറഞ്ഞു. ഈ അവകാശവാദം കല്ലുവെച്ച നുണയാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢനീക്കമാണെന്നും കുക്കി വിഭാഗം എംഎൽഎമാർ പിന്നീട് പ്രസ്‌താവന ഇറക്കി.
‘2023 മെയ് മൂന്നിനുശേഷം കുക്കി എംഎൽഎമാർ മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തിയിട്ടില്ല. ഇംഫാൽ താഴ്‌വരയിൽനിന്ന് ഞങ്ങളുടെ ആളുകളെ പൂർണമായി ഉൻമൂലനം ചെയ്യാനുള്ള സംഘർഷങ്ങൾക്ക് പിന്നിലെ മുഖ്യസൂത്രധാരനായ അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്താൻ ആഗ്രഹിക്കുന്നുമില്ല. വസ്‌തുതകൾ പരിശോധിക്കാതെ സുപ്രീംകോടതിയിൽ തെറ്റായ പ്രസ്‌താവന നടത്തിയ സോളിസിറ്റർ ജനറലിന്റെ നടപടിയെ അപലപിക്കുന്നു’–- കുക്കി വിഭാഗം എംഎൽഎമാർ പ്രസ്‌താവനയിൽ പറഞ്ഞു. പ്രശാന്ത്‌ഭൂഷന്റെ വാദങ്ങൾ കേട്ടശേഷം ബിരേൻസിങ്ങിന് എതിരായ തെളിവുകൾ പരിശോധിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..