22 December Sunday
കേന്ദ്രനയങ്ങൾക്ക് എതിരായ വിധി:
തരിഗാമി

കുൽഗാമിൽ തരിഗാമി തന്നെ ; സിപിഐ എം വിജയം അഞ്ചാംതവണ

സാജൻ എവുജിൻUpdated: Tuesday Oct 8, 2024


ന്യൂഡൽഹി
ബിജെപിയും രാജ്യത്ത്‌ നിരോധിക്കപ്പെട്ട ജമ്മു കശ്‌മീർ ജമാഅത്തെ ഇസ്ലാമിയും ഒത്തുകളിച്ച  കുൽഗാമിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസുഫ്‌ തരിഗാമിക്ക്‌ ചരിത്രജയം. തുടർച്ചയായ അഞ്ചാം വിജയത്തിൽ തരിഗാമി 7,838 വോട്ടിന്റെ ഭൂരിപക്ഷം നേടി. തരിഗാമിക്ക്‌ 33,634 വോട്ടും സ്വതന്ത്ര വേഷംകെട്ടിയ ജമാഅത്തെ ഇസ്ലാമി നേതാവ്‌ സയർ അഹമ്മദ്‌ റെഷിക്ക്‌ 25,796 വോട്ടും ലഭിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ ‘സ്വതന്ത്രരിൽ’ ഏറ്റവും തീവ്രപ്രചാരണം നടത്തിയ സയറിനെ സഹായിക്കാൻ ബിജെപി സ്ഥാനാർഥിയെ നിർത്തിയില്ല. 1996 മുതൽ സിപിഐ എം തനിച്ച്‌ മത്സരിച്ച്‌ ജയിച്ച കുൽഗാമിൽ ഇത്തവണ ഇന്ത്യ കൂട്ടായ്‌മയുമായി സഹകരിച്ചു.   

തരിഗാം ഗ്രാമത്തിൽ 1947ൽ ജനിച്ച തരിഗാമിക്ക്‌ കശ്‌മീരിലെ പ്രമുഖ കമ്യൂണിസ്റ്റ്‌ നേതാവായിരുന്ന അബ്ദുൾ കരീം വാനിയാണ്‌  വിപ്ലവാശയങ്ങൾ പകർന്നത്‌. വിദ്യാർഥി നേതാവായിരിക്കെതന്നെ പലതവണ ജയിലിലായി. 1975ൽ ജയിലിൽ കഴിയവെ ഭാര്യ മരിച്ചു.  2005ൽ വീടിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിൽ കഷ്ടിച്ചാണ്‌ രക്ഷപ്പെട്ടത്‌. ഉറ്റബന്ധുക്കൾ  കൊല്ലപ്പെട്ടു. 2019ൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ബിജെപിസർക്കാർ തരിഗാമി അടക്കമുള്ള നേതാക്കളെ തടവിലാക്കി.  സീതാറാം യെച്ചൂരി സുപ്രീംകോടതിയെ സമീപിച്ചാണ്‌ അദ്ദേഹത്തെ ചികിത്സയ്‌ക്കായി ഡൽഹിയിൽ എത്തിച്ചത്.

കേന്ദ്രനയങ്ങൾക്ക് എതിരായ വിധി:
തരിഗാമി
കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയാണ്‌ ജമ്മു കശ്‌മീർ വോട്ട്‌ ചെയ്‌തതെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി. ജനങ്ങളുടെ പങ്കാളിത്തമോ ഇടപെടലുകളോ ഇല്ലാതെ 2018 മുതലുള്ള ലഫ്‌റ്റനന്റ്‌ ഗവർണറുടെ മേൽനോട്ടത്തിലുള്ള ഭരണം ജനങ്ങളുടെ ദുരിതങ്ങൾ ഇരട്ടിപ്പിച്ചു. പുതിയ മതനിരപേക്ഷ സർക്കാർ അധികാരത്തിൽ എത്തുന്നതോടെ കശ്‌മീർ ജനതയ്‌ക്ക്‌ ആശ്വാസമുണ്ടാകുമെന്നാണ്‌ ജനങ്ങളുടെ പ്രതീക്ഷ–- തരിഗാമി വാർത്താ ഏജൻസികളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top