ന്യൂഡൽഹി
ഹരിയാനയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കുമാരി ഷെൽജ ഒടുവിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. കർണാലിലെ അസാന്ദിൽ നടന്ന രാഹുൽ ഗാന്ധിയുടെ റാലിയിൽ പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിങ് ഹൂഡയ്‌ക്കൊപ്പം അവർ വേദി പങ്കിട്ടു. സിർസാ എംപിയും ദളിത് മുഖവുമായ ഷെൽജ വിട്ടുനിൽക്കുന്നത് ദളിത് വോട്ടുകൾ അകറ്റുമെന്ന ആശങ്കയ്‌ക്കിടെയാണ് ഇത്. ഹൂഡ–- ഷെൽജ വിഭാഗങ്ങളുടെ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കെ രണ്ടുപേരെയും വേദിയിൽ തന്റെ ഇരുവശത്തുമായാണ് രാഹുൽ ഇരുത്തിയത്. മോദിയും ഹരിയാനയിലെ ബിജെപി സർക്കാരും തൊഴിൽ അവസരങ്ങൾ പൂർണമായി അട്ടിമറിച്ചെന്ന് രാഹുൽ പറഞ്ഞു. കശ്‌മീരിലെയും ഹിമാചലിലെയും ആപ്പിൾ കൃഷി അദാനിക്ക് മോദി വിറ്റെന്നും രാഹുൽ പറഞ്ഞു.
ഖട്ടറെ വെട്ടി
മുൻ മുഖ്യമന്ത്രികൂടിയായ കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിന്റെ ചിത്രം തെരഞ്ഞെടുപ്പ് റാലിയിൽ നിന്ന് വെട്ടി ബിജെപി. ഖട്ടറിന്റ തട്ടകമായ കർണാലിലെ അസാന്ദിൽ യുപി മുഖ്യമന്ത്രി ആദിത്യനാഥ് പങ്കെടുത്ത റാലിയിലും ഖട്ടറിന്റെ ചിത്രം വെച്ചിരുന്നില്ല. കർണാൽ എംപിയാണ് ഖട്ടർ. മറ്റ് റാലികളിലും ഖട്ടറിന്റെ ചിത്രം ഒഴിവാക്കിയതിൽ ബിജെപി നേതാക്കൾ മൗനത്തിലാണ്. അതേസമയം കർഷകരോഷം ശക്തമായതിനാൽ ഖട്ടറിന്റെ ചിത്രം ബിജെപി മനപ്പൂർവം ഒഴിവാക്കിയതാണെന്ന് സൂചനയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..