19 September Thursday
സൈനികരെ വധിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കശ്മീര്‍ ടൈ​ഗേഴ്സ്‌

ദോഡയിൽ വീണ്ടും ഏറ്റുമുട്ടൽ ; കുപ്‌വാരയിൽ 2 ഭീകരരെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


ന്യൂഡൽഹി
ജമ്മു–-കശ്‌മീരിലെ കുപ്‌വാരയിൽ നിയന്ത്രണരേഖയോട്‌ ചേർന്ന്‌ രണ്ട്‌ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. കുപ്‌വാരയിലെ കെരാൻ മേഖലയിലാണ്‌ ഏറ്റുമുട്ടലുണ്ടായത്‌. താഴ്‌വരയിലേക്ക്‌ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്‌.

രണ്ടുദിവസംമുമ്പ്  ക്യാപ്റ്റൻ അടക്കം നാല്‌ സൈനികർ വീരമൃത്യു വരിച്ച ജമ്മുവിലെ ദോഡയില്‍ വ്യാഴാഴ്‌ച വീണ്ടും ഏറ്റുമുട്ടലുണ്ടായി.
   ജദ്ദൻ ബാറ്റ ഗ്രാമത്തിൽ പുലർച്ചെ രണ്ടിന്‌ നടന്ന ഏറ്റുമുട്ടലിൽ സൈനികന്‌ പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ജെയ്‌ഷെ മുഹമദിന്റെ നിഴൽ സംഘടനയായ കശ്‌മീർ ടൈഗേഴ്‌സ്‌ ഏറ്റെടുത്തു.  ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്‌. അതിനിടെ ജമ്മു–-കശ്‌മീരിൽ തീവ്രവാദത്തെ പ്രോത്‌സാഹിപ്പിച്ചത്‌ മുഖ്യധാരാ പ്രാദേശിക പാർടികളാണെന്ന ഡിജിപി ആർ ആർ സ്‌വൈനിന്റെ പരാമർശം രാഷ്ട്രീയ വിവാദമായി.

പിഡിപി, നാഷണൽ കോൺഫറൻസ്‌ നേതാക്കൾ പരാമർശത്തിനെതിരെ രംഗത്തുവന്നു. ജമ്മു–-കശ്‌മീർ സംസ്ഥാനമായിരുന്ന ഘട്ടത്തിൽ താഴ്‌വരയിലെ മുഖ്യധാരാ നേതാക്കൾളെയും ഭീകരതയെയും തമ്മിൽ ബന്ധിപ്പിക്കാവുന്ന ഒട്ടനവധി തെളിവുണ്ടെന്നാണ്‌ ജമ്മുവിൽ ഒരു ചടങ്ങിൽ ഡിജിപി പറഞ്ഞത്‌.
രാഷ്ട്രീയ പരാമർശം നടത്തിയ ഡിജിപിയെ പുറത്താക്കണമെന്ന്‌ പിഡിപി നേതാവ്‌ മെഹ്‌ബൂബ മുഫ്‌തി ആവശ്യപ്പെട്ടു.

സൈനികന്റെ 
മൃതദേഹം ഭീകരർ 
വികൃതമാക്കി
ജമ്മുവിലെ ദോഡയിൽ ചൊവ്വാഴ്‌ച ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരിൽ ഒരാളുടെ മൃതദേഹം ഭീകരർ വികൃതമാക്കിയതിന്റെ വീഡിയോ പുറത്ത്‌. ഏറ്റുമുട്ടലിന്‌ ശേഷമുള്ള വീഡിയോ ദൃശ്യങ്ങൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കശ്‌മീർ ടൈഗേഴ്‌സ്‌ ആണ്‌ പുറത്തുവിട്ടത്‌. വീരമൃത്യു വരിച്ച സൈനികരിൽ ഒരാളുടെ തലയറക്കുന്നതാണ്‌ വീഡിയോയിലുള്ളത്‌. ജമ്മുവിൽ  മറ്റൊരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം സൈനികർ വലിച്ചിഴച്ചതിന്‌ പകരമായാണ്‌ ഇത്‌ എന്നാണ്‌ വിശദീകരണം. സൈനികരുടെ ആയുധങ്ങളും ഭീകരർ തട്ടിയെടുത്തിട്ടുണ്ട്‌. ഈ മാസം 11 സൈനികരാണ്‌ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top