മുംബൈ > മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കവർച്ചക്കേസിലെ പ്രതിയായ 43കാരനെ 23 വർഷങ്ങൾക്ക് ശേഷം കോടതി വെറുതെ വിട്ടു. 2001ൽ നടന്ന കവർച്ചക്കേസിലെ പ്രതിയായ മുഹമ്മദ് സാജിദ് ഇലിയാസ് ഷെയ്ഖിനെയാണ് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തനാക്കിയത്. അഡീഷണൽ സെഷൻസ് ജഡ്ജി പ്രേമൽ എസ് വിത്തലാനിയാണ് കേസ് പരിഗണിച്ചത്.
2001 ജൂലൈ 3 ന് താനെ ജില്ലയിലെ കൽവ പ്രദേശത്ത് ഛായ രാജൻ ഗാഡ്‌ഗെ എന്ന സ്ത്രീയെ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ചുവെന്നായിരുന്നു മുഹമ്മദ് സാജിദിന് എതിരായുള്ള ആരോപണം. വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പുരുഷന്മാർ തടഞ്ഞുനിർത്തുകയായിരുന്നു. ഇവരിൽ ഒരാൾ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 12,000 രൂപ വിലമതിക്കുന്ന മാല തട്ടിയെടുത്തു.
യുവതിയുടെ അയൽവാസികൾ ഇടപെട്ടതിനെ തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം 394 (കവർച്ച), 397 (കവർച്ച, ഗുരുതരമായ പരിക്കേൽപ്പിക്കുന്നതിനുള്ള ശ്രമം) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. അന്വേഷണത്തിൽ ഷെയ്ഖിനെയും മറ്റ് പ്രതികളെയും തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിചാരണയ്ക്കിടെ മോട്ടോർ സൈക്കിൾ, കത്തി, സ്വർണക്കട്ടികൾ എന്നിങ്ങനെയുള്ള പ്രധാന തെളിവുകൾ കോടതിയിൽ ഹാജരാക്കി. എന്നാൽ ഇവ പ്രതികളുടേതെന്ന തെളിയിക്കുന്നതിന് മതിയായ രേഖകളുടേയും സാക്ഷി മോഴികളുടേയും അഭാവമുണ്ടായിരുന്നു. നവംബർ 18ന് പുറപ്പെടുവിച്ച ഉത്തരവിൽ പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായും സംശയത്തിന്റെ ആനുകൂല്യം നൽകി മുഹമ്മദ് സാജിദിനെ വെറുതെ വിടണമെന്നും കോടതി വിധിച്ചു. കേസിൽ മറ്റ് രണ്ട് പ്രതികളെ കഴിഞ്ഞ വർഷം കുറ്റവിമുക്തരാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..