ന്യൂഡൽഹി
ഉത്തർപ്രദേശിൽ കർഷകരെ കാറിടിച്ച് കൊന്ന കേസിൽ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ മകനുമായ ആശിഷ് മിശ്രയെ പൊലീസ് അറസ്‌റ്റ്‌ചെയ്‌തു. ശനിയാഴ്‌ച പകൽ പതിനൊന്നിന് ലഖിംപുർ സ്‌റ്റേഷനിലെത്തിയ ആശിഷിനെ പ്രത്യേക അന്വേഷകസംഘം (എസ്‌ഐടി) 11 മണിക്കൂറിലേറെ ചോദ്യംചെയ്‌തു. രാത്രി 10.45ഓടെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനോട് ആശിഷ് സഹകരിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ജയിലിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ലഖിംപുർ ജില്ലാ ജയിലിന്റെ സുരക്ഷ നേരത്തെ വർധിപ്പിച്ചിരുന്നു. കൊലപാതകം ഉൾപ്പെടെ എട്ട് വകുപ്പാണ് ആശിഷിന്റെ പേരിൽ ചുമത്തിയത്.
ആശിഷിനെ എസ്‌ഐടി മണിക്കൂറുകളോളം ചോദ്യംചെയ്യുമ്പോൾ മന്ത്രി അജയ് മിശ്ര ലഖിംപുരിലെ ബിജെപി ഓഫീസിൽ മകനെ രക്ഷിക്കാനുള്ള പഴുതുകൾ തേടി മുതിർന്ന അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്തുകയായിരുന്നു. ഇതെല്ലാം പരാജയപ്പെട്ടതോടെയാണ് അറസ്‌റ്റ് രേഖപ്പെടുത്തേണ്ടിവന്നത്. ലഖിംപുർ ഖേരിയിൽ ഞായറാഴ്‌ചയാണ് ആശിഷ് മിശ്രയും സംഘവുംകർഷകർക്കുമേൽ കാറോടിച്ച് കയറ്റിയത്. നാലുകർഷകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച രണ്ടാംസമൻസും കിട്ടിയതോടെ മാധ്യമങ്ങളെ കബളിപ്പിക്കാൻ പിൻവാതിലിലൂടെയാണ് ആശിഷിനെ പൊലീസുകാർ സ്‌റ്റേഷനിൽ എത്തിച്ചത്. എസ്‌ഐടിക്ക് നേതൃത്വംനൽകുന്ന ഡിജിപി ഉപേന്ദ്രഅഗർവാൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മന്ത്രിപുത്രനെ കാത്തിരുന്നു. കർഷകരെ കാറിടിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഗുസ്‌തി മത്സരം നടക്കുന്ന സ്ഥലത്തായിരുന്നെന്നുമുള്ള അവകാശവാദം ആശിഷ് ആവർത്തിച്ചു. ഇത് സ്ഥിരീകരിക്കാനുള്ള സാക്ഷിമൊഴികളും തെളിവുകളുമുണ്ടെന്നും അവകാശപ്പെട്ടു. കേസ് എടുത്തതിനുശേഷം താങ്കൾ എവിടെപ്പോയി, ആരെയൊക്കെ കണ്ടു, സാക്ഷികളെ ആരെയെങ്കിലും കണ്ടോ, ഫോൺ ഓഫായിരുന്നത് എന്തുകൊണ്ട് തുടങ്ങിയ അന്വേഷണഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി ആശിഷിൽനിന്നുണ്ടായില്ല. ഇതോടെ അറസ്‌റ്റിന് പൊലീസ് നിർബന്ധിതമായി.
അതേസമയം, മുഖ്യപ്രതിയായ ആശിഷിന് സാക്ഷിമൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സിആർപിസി 160–-ാം വകുപ്പ് പ്രകാരമുള്ള സമൻസ് നൽകിയത് വിവാദമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..