ജയ്പൂർ > രാജസ്ഥാനിലെ അജ്മീറിൽ വ്യാജ നിക്ഷേപ പദ്ധതിയിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ 19 കാരൻ അറസ്റ്റിൽ. 11-ാം ക്ലാസ് വിദ്യാർത്ഥിയായ കാഷിഫ് മിർസയാണ് അറസ്റ്റിലായത്. 200-ലധികം ആളുകളെ കബളിപ്പിച്ച് ഏകദേശം 42 ലക്ഷം രൂപയാണ് 19 കാരൻ തട്ടിയെടുത്തത്. കാര്യമായ ലാഭം ഉണ്ടാക്കാമെന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി സോഷ്യൽ മീഡിയയിലൂടെയാണ് തട്ടിപ്പ് നടത്തിയത്.
കാഷിഫ് ഇൻഫ്ലുവെൻസറാണെന്നും ഇൻസ്റ്റാഗ്രാമിൽ ഇയാൾക്ക് ധാരാളം ഫോളോവേഴ്‌സ് ഉണ്ടെന്നും പോലീസ് പറഞ്ഞു. 13 ആഴ്ചത്തേക്ക് 99,999 രൂപ നിക്ഷേപിച്ചാൽ 1,39,999 രൂപ ലഭിക്കുമെന്നായിരുന്നു കാഷിഫിന്റെ വാഗ്ദാനം. തുടക്കത്തിൽ ചില നിക്ഷേപകർക്ക് ഇയാൾ ചെറിയ ലാഭം നൽകി. ലാഭം കിട്ടിയവർ കൂടുതൽ ആളുകൾക്ക് വിവരം പങ്കുവയ്ക്കുകയും നിക്ഷേപിച്ചവർ തട്ടിപ്പിന് ഇരയായെന്നും പൊലീസ് പറഞ്ഞു.
കാഷിഫിൽ നിന്ന് ഹ്യുണ്ടായ് വെർണ, നോട്ടെണ്ണല്‍ മെഷിൻ, നിരവധി ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ കണ്ടെടുത്തു. ഇയാളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..