ബംഗളുരു > മൈസൂരു അർബൻ വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറോളം നീണ്ടു. കേസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ലോകായുക്ത പൊലീസ് സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
ലോകായുക്ത പൊലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ ഉത്തരം നൽകി. അവർ ഞാൻ പറഞ്ഞതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. എനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണ്. പക്ഷേ ഞാൻ അവരോട് സത്യം പറഞ്ഞു. അവർ എന്നോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ല.- ചോദ്യം ചെയ്യലിന് ശേഷം സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഭൂമി കുംഭകോണ കേസിൽ സിദ്ധരാമയ്യയ്ക്കും, കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും, സിബിഐക്കും, ലോകായുക്തയ്ക്കും ഇന്നലെ കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. നവംബർ 25ന് അതു വരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ ലോകായുക്ത പോലീസിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നത് നവംബർ 26ലേക്ക് മാറ്റി.
ഭൂമി കുംഭകോണ കേസിൽ പ്രതിയായ സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവതിയെ ഒക്ടോബര്‍ 25ന് ലോകായുക്ത ചോദ്യം ചെയ്തിരുന്നു. ഭൂമിയിടപാട് കേസില്‍ സിദ്ധരാമയ്യക്കെതിരെ അന്വേഷണം നടത്തി 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക കോടതി നിര്‍ദേശിച്ചതിനെത്തുടർന്നാണ് നടപടി. കേസില്‍ പ്രോസിക്യൂട്ട് ചെയ്യാൻ ഗവര്‍ണര്‍ നല്‍കിയ അനുമതി ഹൈക്കോടതി ശരിവച്ചതോടെ ആരോപണം അന്വേഷിക്കാൻ മൈസുരു ലോകായുക്ത പൊലീസിന് പ്രത്യേക കോടതി നിര്‍ദേശം നൽകിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..