രുദ്രപ്രയാഗ് > ഉത്തരാഖണ്ഡിലെ കനത്ത മഴയിൽ കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള ട്രക്ക് റൂട്ടിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം മൂന്നാം ദിവസം. കേദാർനാഥ്, ഭീംബാലി, ഗൗരികുണ്ഡ് എന്നിവിടങ്ങളിൽ 1300 ഓളം തീർഥാടകർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് കാൽനട പാത തകർന്ന് നിരവധി തീർഥാടകർ കുടുങ്ങിക്കിടക്കുകയാണ്. 10,500-ലധികം ആളുകളെ ഇതുവരെ പ്രദേശത്തുനിന്നും നീക്കി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേന, എൻഡിആർഎഫ്, പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ചിനൂക്ക്, എംഐ 17 എന്നീ ഹെലികോപ്ടറുകൾ ഇന്നലെ ചില തീർഥാടകരെ എയർലിഫ്റ്റ് ചെയ്തിരുന്നു.
ലിഞ്ചോളിയിലെ താരു ക്യാമ്പിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒരു തീർത്ഥാടകൻ മരിച്ചു. ഉത്തർപ്രദേശിലെ ശരൺപൂർ സ്വദേശി ശുഭം കശ്യപാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി ജില്ലാ ദുരന്തനിവാരണ ഓഫീസർ നന്ദൻ സിംഗ് രാജ്വാർ പറഞ്ഞു. ബുധനാഴ്ച രാത്രി ലിഞ്ചോളിക്ക് സമീപമുണ്ടായ മേഘവിസ്ഫോടനത്തിൻ്റെ ഫലമായി കേദാർനാഥിലേക്കുള്ള ട്രക്ക് റൂട്ടിൽ വ്യാപകമായി കേടുപാടുകൾ സംഭവിച്ചു. ട്രക്ക് റൂട്ടിലൂടെയുള്ള യാത്ര നിരോധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..