22 December Sunday

'പ്രതിസന്ധി അവസാനിപ്പിക്കാനുള്ള അവസാന ശ്രമം'; ഡോക്ടർമാരുടെ മുന്നിലേക്കെത്തി മമതാ ബാനർജി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

കൊൽക്കത്ത> ആർ ജി കർ ആശുപത്രിയിലെ ഡോക്ടർമാരുടെ പ്രതിസന്ധി അവസാനിപ്പിക്കാൻ അപ്രതീക്ഷിതമായി സമരക്കാർക്ക് മുന്നിലേക്കെത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ശനിയാഴ്ച ഡോക്ടർമാർ കുത്തിയിരിപ്പ് സമരം നടത്തുന്ന സ്ഥലം സന്ദർശിച്ച് സമരം അവസാനിപ്പിക്കണമെന്ന് അവരോട് അഭ്യർത്ഥിച്ചു.

ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട്‌ സമരം തുടരുന്ന ഡോക്‌ടർമാർ കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയും സമരക്കാരുമായുള്ള ചർച്ച മുടങ്ങിയതിനെ തുടർന്നാണ് കത്തയച്ചത്‌. ഇതിന് പിന്നാലെയാണ് മമതാ സമരക്കാരെ കാണാൻ നേരിട്ടെത്തി സമരം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചത്.

ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ മമത ബംഗാള്‍ ഉത്തര്‍പ്രദേശ് അല്ലെന്നും കൂട്ടിച്ചേര്‍ത്തു.

"ദയവായി ഞാൻ പറയുന്നത് അഞ്ച് മിനിറ്റ് കേൾക്കൂ, എന്നിട്ട് മുദ്രാവാക്യം വിളിക്കൂ. അത് നിങ്ങളുടെ ജനാധിപത്യ അവകാശമാണ്. ഞാൻ കുറെ നാളുകളായി ഈ ഒരു കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുകയായിരുന്നു. എൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശങ്ങൾ പോലും അവഗണിച്ചാണ്  നിങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയുമായി ഞാൻ എത്തിയിരിക്കുന്നത്. എൻ്റെ സ്ഥാനത്തിനല്ല നിങ്ങളുടെ ശബ്ദങ്ങൾക്കാണ്  പ്രാധാന്യം. ഇന്നലെ രാത്രി മുഴുവൻ മഴ പെയ്യുന്നുണ്ടായിരുന്നു. നിങ്ങളുടെ അവസ്ഥയോർത്ത് എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല." മമത പറഞ്ഞു.

അതേസമയം, മമതയുടെ സന്ദര്‍ശനത്തിന് പിന്നാലെ സമരം തുടരുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടർ മരിച്ച ആഗസ്ത് ഒൻപത് മുതൽ ജൂനിയർ ഡോക്ടർമാർ പ്രതിശേഷത്തിലാണ്. പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ് ആസ്ഥാനത്തിന്‌ മുന്നിൽ ഡോക്ടർമാരുടെ ധർണയും പ്രകടനവും മൂന്നാം ദിവസവും തുടരുകയാണ്‌. ഇതിനിടെ തന്റെ രാജിസന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി മമതാ ബാനർജീ രംഗത്ത് വന്നിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top