മുംബൈ > ബിഹാറിലെ പൂർണിയയിൽ നിന്നുള്ള എംപിയായ പപ്പു യാദവിന് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി. സംഘത്തിനെതിരെ നടത്തിയ പ്രസംഗങ്ങൾക്കു പിന്നാലെയാണ് ഭീഷണിയെത്തിയത്. മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ ബിഷ്ണോയി ഗ്യാങ്ങിനെതിരെ രൂക്ഷ വിമർശനവുമായി പപ്പു യാദവ് രംഗത്തെത്തിയിരുന്നു. സംഘത്തിനെതിരെ എക്സിലും എംപി പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണിയെത്തിയത്. ബിഷ്ണോയി ഗാങ്ങിനെതിരെ ഇനിയും സംസാരിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. എംപിയോട് ഗാങ്ങിലെ വ്യക്തി സംസാരിക്കുന്നതിന്റെ ഓഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു.
തന്റെ സുരക്ഷ വർധിപ്പിക്കണമെന്നു കാണിച്ച് എംപി ബിഹാർ സർക്കാരിനും കേന്ദ്ര സർക്കാരിനും കത്തയച്ചു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പപ്പു യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അയച്ച കത്തിൽ പറഞ്ഞു. തന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും മുന്നറിയിപ്പുകൾ അവഗണിച്ചാൽ കൊല്ലുമെന്ന് പറഞ്ഞതായും യാദവ് പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..