മുംബൈ
ഏതു ആൾക്കൂട്ടത്തിനിടയിലായാലും സുരക്ഷാസൈനികർക്ക് നടുവിലായാലും ഉന്നംതെറ്റാതെ ജീവനെടുക്കുന്ന ലോറൻസ് ബിഷ്‌ണോയ് സംഘം ഉത്തരേന്ത്യൻ രാഷ്‌ട്രീയക്കാരുടെയും ബോളിവുഡ് താരങ്ങളുടെയും പേടിസ്വപ്‌നം. ഒന്നര ദശാബ്‌ദത്തെ ചരിത്രം മാത്രമുള്ള കുറ്റവാളി സംഘം രാജ്യതലസ്ഥാനത്തെ പോലും വിറപ്പിക്കുന്നു. ഡൽഹിയിലും പഞ്ചാബിലും യുപിയിലും ഹരിയാനയിലും മാത്രമെന്ന് കരുതിയ ഈ ഗുണ്ടാസംഘത്തിന്റെ വേരുകൾ മുംബൈ നഗരത്തിലും സജീവം.സംഘത്തിൽ 700 ഷൂട്ടർമാരുണ്ടെന്നും ഇവരിൽ 300 പേരും പഞ്ചാബിൽനിന്നാണെന്നും ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) വിലയിരുത്തുന്നു. തൊണ്ണൂറുകളിൽ ദാവൂദ് ഇബ്രാഹിം സ്ഥാപിച്ച അധോലോകത്തിന്റെ അത്രയും വിശാലമാണ് ഈ ഗൂഢസംഘം. ലോറൻസ് ബിഷ്‌ണോയ് 2014 മുതൽ ജയിലിലാണ്. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് കേസിലാണ് പിടിയിലായത്. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലിരുന്നാണ് ലോറൻസ് സംഘത്തെ നിയന്ത്രിക്കുന്നത്.
പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയെ 2022-ൽ വെടിവച്ചുകൊന്നതോടെയാണ് ഗുണ്ടാസംഘം ദേശീയശ്രദ്ധയിലെത്തിയത്. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലെ പ്രബലരായ ബിഷ്‌ണോയ് വിഭാഗത്തിലാണ് ലോറൻസ് ബിഷ്‌ണോയിയുടെ ജനനം. 2010ൽ പഠനത്തിനായി ചണ്ഡീഗഢിലെത്തിയതോടെയാണ് അധോലോകസംഘത്തില്‍ ഉള്‍പ്പെടുന്നത്. കനേഡിയൻ പോലീസും ഇന്ത്യൻ ഏജൻസികളും കുറ്റവാളിയായി പ്രഖ്യാപിച്ച ഗോൾഡി ബ്രാർ എന്ന സത്വിന്ദർ സിങ്ങാണ് നിലവിൽ ലോറൻസിന്റെ നിർദേശപ്രകാരം സംഘത്തെ നയിക്കുന്നത്. ബ്രാറിനെയും പഠനകാലത്താണ് പരിചയപ്പെടുന്നത്.
പഞ്ചാബിലെ ഫാസിൽകയിലെ റോക്കി എന്ന ജസ്‌വീന്ദർ സിങുമായി കൂട്ടുകെട്ടുണ്ടായതോടെ ലോറൻസ് ബിഷ്‌ണോയ് കരുത്ത് വർധിപ്പിച്ചു. ഇയാളെ 2016ൽ ഹിമാചൽ പ്രദേശിലെ പർവാനയിൽ വച്ച് അക്രമി സംഘമായ ജയ്പാൽ ഭുള്ളർ വധിച്ചു. ഭുള്ളറിനെ 2020ൽ ലോറൻസിന്റെ സംഘം കൊൽക്കത്തയിൽ വച്ച് വെടിവച്ചുകൊന്നു. ബിഷ്ണോയ് വിഭാഗം ആരാധിക്കുന്ന കൃഷ്‌ണമൃഗത്തെ വേട്ടയാടിയെന്ന പേരില്‍ സല്‍മാനെതിരെ വധഭീഷണി മുഴക്കിയതോടെ ലോറന്‍സ് ബിഷ്ണോയ് എന്ന പേര് ബോളിവുഡിന് പേടിസ്വപ്നമായി. സല്‍മാനെ വധിക്കാന്‍ 2018ല്‍ പദ്ധതിയിട്ടെങ്കിലും പരാജയപ്പെട്ടു. സല്‍മാനെ സഹായിച്ചതിന്റെ പേരിലാണ് മഹാരാഷ്ട്ര മുന്‍മന്ത്രി ബാബ സിദ്ദിഖിയെ വധിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. കാനഡയിൽ നിജ്ജർ വധത്തിന് ഇന്ത്യൻ ഉദ്യോഗസ്ഥർ ബിഷ്ണോയിയുടെ സഹായം തേടിയെന്നാണ് കാനഡയുടെ ആരോപണം.
ബിഷ്‌ണോയ് സംഘത്തെ ഇന്ത്യ കരുവാക്കുന്നു: കാനഡ
കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹത്തിനെതിരെ ഇന്ത്യൻ അധികൃതർ ലോറൻസ് ബിഷ്‌ണോയ് അധോലോക സംഘത്തെ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി കാനഡ പൊലീസ്. അധോലോക സംഘത്തെ ഉപയോഗിച്ച് കാനഡയുടെ മണ്ണിൽ ഇന്ത്യ സർക്കാർ ഭീകരത പടർത്തുകയാണ്. മുഖ്യ ഉന്നം ഖലിസ്ഥാൻ അനുകൂലികളാണ്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിന് ഇന്ത്യൻ എജന്റുമാരുമായി ബന്ധമുണ്ട്–- റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് വക്താവ് ബ്രിജിറ്റ് ഗൗവിൻ ആരോപിച്ചു.
സിഖ് വിഘടനവാദ നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞർ അന്വേഷണ പരിധിയിലാണെന്ന് കാനഡ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ആരോപണം ഉന്നയിച്ചത്. അതേസമയം, പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കാനഡ കേന്ദ്രമായാണ് പ്രവർത്തിക്കുന്നതെന്ന് 2022 ജൂണിൽ ഇന്ത്യൻ ഹൈക്കമീഷൻ അറിയിച്ചിരുന്നു. മൂസെവാല വധത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിരുന്നു.
തെളിവ് നൽകിയത് അമേരിക്ക: ട്രൂഡോ
നിജ്ജാർ വധത്തിൽ ഇന്ത്യക്കെതിരെ തെളിവ് നൽകിയത് പ്രധാനമായും അമേരിക്കയാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ പറഞ്ഞു. രഹസ്യാന്വേഷണ ശൃംഖലയായ ‘ഫൈവ് ഐസ്’ നിജ്ജാർ വധവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. വിശദാംശങ്ങൾക്കായി, സമാനമായ മറ്റൊരു അനുഭവം നേരിട്ട അമേരിക്കയുമായി കാനഡ കൂടുതൽ സഹകരിച്ചു–-സിഖ് വിഘടനവാദ നേതാവ് ഗുർപത്‌വന്ത് സിങ് പന്നുവിനെ അമേരിക്കയിൽവച്ച് വധിക്കാൻ ശ്രമിച്ചുവെന്ന കേസ് ഉദ്ദേശിച്ച് ട്രൂഡോ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..