ന്യൂഡൽഹി> സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. വിദ്യാർത്ഥി നേതാവെന്ന നിലയിലും ദേശീയ രാഷ്ട്രീയത്തിലും പാർലമെന്റേറിയൻ എന്ന നിലയിലും വേറിട്ട ശബ്ദമായിരുന്നു സീതാറാം യെച്ചൂരി. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തുന്നതായി രാഷ്‌ട്രപതി ദ്രൗപതി മുർമു പറഞ്ഞു.
സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ദുഃഖമുണ്ട്. ഇടതുപക്ഷപ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുന്ന വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകരിലൊരാളായിരുന്നു സീതാറാം യെച്ചൂരിയെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ നഷ്ടം സഹിക്കാൻ കുടുംബത്തിന് ധൈര്യം ലഭിക്കട്ടെയെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു, തന്റെ പൊതുജീവിതത്തിൽ താൻ കണ്ടതിൽ വെച്ച് നീണ്ട വർഷങ്ങളുടെ പരിചയസമ്പന്നതയുള്ള ഒരു പാർലമെന്റേറിയനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും യെച്ചൂരി തന്റെ സുഹൃത്തായിരുന്നെന്നും ആ സൗഹൃദം താൻ എപ്പോഴും ഓർമിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യൻ സമൂഹത്തിന് യെച്ചൂരി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നതായി ഗഡ്കരി കൂട്ടിച്ചേർത്തു.
സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു. മുതിർന്ന പാർലമെന്റേറിയനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ദേശീയ രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..