ചെന്നൈ > ലിപ്സ്റ്റിക് ഉപയോഗിച്ചതിന്റെ പേരിൽ തമിഴ്നാട്ടിൽ ആദ്യ വനിത ഡഫേദാറിന് സ്ഥലംമാറ്റം. ഡഫേദാറായ എസ് ബി മാധവിയെയാണ് സ്ഥലം മാറ്റിയത്. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനിലെ ആദ്യ വനിതാ ഡഫേദാറാണ് മാധവി. ഔദ്യോഗിക പരിപാടികൾക്കെത്തുമ്പോള്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കരുതെന്ന് മാധവിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുസരിക്കാതായതോടെയാണ് തമിഴ്‌നാട്ടിലെ മണലി സോണിലേക്ക് സ്ഥലം മാറ്റി നടപടിയെടുത്തതെന്നാണ് അധികൃതരുടെ വാദം. ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്ന നിർദേശത്തിന് മറുപടിയായി ലിപ്സ്റ്റിക് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് കാണിക്കാൻ മാധവി ആവശ്യപ്പെട്ടിരുന്നു. മേയർ ആർ പ്രിയയുടെ പേഴ്സണൽ അസിസ്റ്റന്റായ ശിവശങ്കറിനോടാണ് ഉത്തരവ് കാണിക്കാൻ മാധവി ആവശ്യപ്പെട്ടത്. നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് മാധവി പറഞ്ഞു.
എന്നാൽ ലിപ്സ്റ്റിക് ഉപയോഗിച്ചതിനല്ല മാധവിയെ സ്ഥലം മാറ്റിയതെന്നും ജോലിയിലുള്ള അലംഭാവം കാരണമാണെന്നുമാണ് അധികൃതരുടെ വാദം. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഫാഷന്‍ ഷോയില്‍ ദഫേദാര്‍ പങ്കെടുത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായെന്ന് മേയർ പറഞ്ഞു. പെട്ടെന്ന് കണ്ണിലുടക്കുന്ന തരത്തിലുള്ള കടുംനിറത്തിലുള്ള ലിപ്സ്റ്റിക്കുകളാണ് ഡഫേദാര്‍ ഉപയോഗിക്കാറുള്ളത്. എംബസി അധികൃതരില്‍നിന്നും മന്ത്രിമാരുടെ ഓഫീസുകളില്‍നിന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എപ്പോഴും വരാറുണ്ടെന്നും അതിനാല്‍ കടുംനിറത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കരുതെന്ന് എന്റെ പി എ അവരോട് പറയുക മാത്രമാണ് ചെയ്തതെന്നും മേയർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..