ന്യൂഡൽഹി
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ, ഇഡി കേസുകളിൽ മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 17 മാസത്തോളമായി തടവിലാണെന്നും കേസുകളുടെ വിചാരണ അടുത്തകാലത്തൊന്നും തുടങ്ങാൻ നേരിയസാധ്യത പോലുമില്ലെന്നും നിരീക്ഷിച്ച് ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്‌തുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ.
വേഗത്തിലുള്ള വിചാരണയും സ്വാതന്ത്ര്യത്തിനുള്ള അവകാശവും പരമപ്രധാനമാണെന്നും ജാമ്യാപേക്ഷകൾ തള്ളിയ വിചാരണക്കോടതിയും ഡൽഹി ഹൈക്കോടതിയും ഈ വസ്‌തുത പരിഗണിച്ചില്ലെന്നും സുപ്രീംകോടതി വിമർശിച്ചു. 10 ലക്ഷത്തിന്റെ ജാമ്യത്തുക കെട്ടിവെക്കണം. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം, തിങ്കളും വ്യാഴവും അന്വേഷണഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത് എന്നിങ്ങനെയാണ് ഉപാധികൾ. ജാമ്യകാലയളവിൽ സിസോദിയയെ ഡൽഹി സെക്രട്ടറിയറ്റിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യവും തള്ളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..