22 December Sunday

13 വർഷത്തിന്‌ ശേഷം രാജ്യത്ത്‌ സെൻസസ്‌; പൂർത്തിയാക്കാൻ 18 മാസമെടുക്കും: റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

photo credit: X

ന്യൂഡൽഹി > 2021 ൽ ആരംഭിക്കേണ്ട സെൻസസ്‌ സെപ്തംബറിൽ ആരംഭിക്കുമെന്ന്‌ റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്‌. 13 വർഷങ്ങൾക്ക്‌ ശേഷമാണ്‌ രാജ്യത്ത്‌ സെൻസസ്‌ നടക്കുന്നത്‌. പുതിയ സർവേ അടുത്ത മാസം ആരംഭിച്ചാൽ പൂർത്തിയാകാൻ ഏകദേശം 18 മാസമെടുക്കുമെന്നാണ്‌ അധികൃതർ പറയുന്നത്‌. സെൻസസ് ഫലങ്ങൾ 2026 മാർച്ചിൽ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അന്തിമ അനുമതിലഭിച്ചാൽ മാത്രമേ സെൻസസ്‌ ആരംഭിക്കാൻ സാധിക്കുകയുള്ളൂയെന്നും ഔദ്യോഗിക വൃത്തങ്ങളെ അടിസ്ഥാനപ്പെടുത്തി റോയിട്ടേഴ്‌സ്‌ റിപ്പോർട്ട്‌ ചെയ്തു.

2011ലാണ്‌ രാജ്യത്ത്‌ അവസാന സെൻസസ് നടക്കുന്നത്‌. അത്‌  പ്രകാരം 121.1 കോടിയായിരുന്നു ഇന്ത്യയിലെ ജനസംഖ്യ. 2023 ഏപ്രിലിൽ  ജനസംഖ്യയിൽ ഇന്ത്യ ആദ്യമായി ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയെന്ന്‌ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. റിപ്പോർട്ട്‌ പ്രകാരം 142 കോടിയിലധികം (1,425,775,850)  ജനങ്ങളാണ്‌ ഇന്ത്യയിലുള്ളത്‌.

credit un. org

credit un. org

സെൻസസ് നടത്തുന്നതിലുണ്ടായ  കാലതാമസം  സർക്കാരിന് അകത്തും പുറത്തുമുള്ള സാമ്പത്തിക വിദഗ്ധരിൽ നിന്നുള്ള വിമർശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്‌. ​സെൻസസ് വൈകിയത് രാജ്യത്തെ സ്ഥിതിവിവരക്കണക്കുകൾ തയാറാക്കുന്നതിനെ പ്രതികൂലമായി ബാധിച്ചിരുന്നു. പഴയ സെൻസസ്‌ അടിസ്ഥാനമാക്കിയാണ്‌  സാമ്പത്തിക സൂചകങ്ങൾ, പണപ്പെരുപ്പ നിരക്ക്, തൊഴിൽ കണക്കുകൾ എന്നിവ തയ്യാറാക്കുന്നത്‌. സെൻസസ് നടത്താത്തത്‌ രാജ്യത്തെ ​ നിരവധി സർവെകളെയാണ്‌ ബാധിച്ചതെന്ന്‌ റിപ്പോർട്ടുകൾ പറയുന്നു. ഇത്‌ നാഷണൽ സാമ്പിൾ സർവേ ഓഫീസിന്റെ (എൻഎസ്എസ്ഒ) സർവേകളുടെ ഗുണനിലവാരത്തെയും ജനന മരണക്കണക്കുകൾ, സമ്പദ്‌വ്യവസ്ഥ, ആരോഗ്യംഎന്നിവയടക്കമുള്ള 15  ഡാറ്റക​ളെയുമാണ്‌ പ്രതികൂലമായി ബാധിച്ചതെന്നാണ്‌ ദേശീയ മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ഇന്ത്യയിൽ വിവരങ്ങൾക്കായി 2011 ലെ, കാലഹരണപ്പെട്ട സെൻസസ്‌ ഡാറ്റകളാണ്‌ ഉപയോഗപ്പെടുത്തുന്നത്‌.

2021 ലെ സെൻസസ് നടത്താതിരുന്നതിനാൽ മാത്രം ഏകദേശം 10 കോടി ആളുകളാണ്‌ പൊതുവിതരണ സംവിധാനത്തിൽ (പിഡിഎസ്) നിന്ന്‌ പുറത്തായത്‌. ഭക്ഷ്യസുരക്ഷയിൽ മാത്രമല്ല, സെൻസസ് വിവരങ്ങളുടെ അഭാവം തൊഴിലുറപ്പ് പദ്ധതിയെയും ബാധിച്ചു. സംസ്ഥാനത്തെ കുടുംബങ്ങളുടെയും തൊഴിലാളികളുടെയും എണ്ണം അടിസ്ഥാനമാക്കിയാണ് ഓരോ സംസ്ഥാനത്തിനും കേന്ദ്രസർക്കാർ തൊഴിലുറപ്പ്‌ പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നത്. പിഎം ഗരീബ് കല്യാൺ അന്ന യോജന പ്രകാരം 12 കോടിയിലധികം ഇന്ത്യക്കാർക്കാണ്‌ ഇതുമൂലം അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതെന്നും റോയിട്ടേഴ്‌സ്‌ റിപ്പോർട്ട്‌ ചെയ്തു.  എന്നാൽ കൊവിഡ്‌ 19 കാരണമാണ്‌ സെൻസസ്‌ മുടങ്ങിയതെന്നാണ്‌ കേന്ദ്രത്തിന്റെ ന്യായം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top