കൊൽക്കത്ത > പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ഭർതൃസഹോദരൻ 30കാരിയെ കൊലപ്പെടുത്തി. മൃതദേഹം മൂന്ന് കഷണങ്ങളാക്കി മാലിന്യ കൂമ്പാരത്തിെൽ ഉപേക്ഷിച്ചു. കൊൽക്കത്തയിലാണ് സംഭവം. നിർമാണത്തൊഴിലാളിയായ ഭർതൃസഹോദരൻ അതിയുർ റഹ്മാൻ ലസ്കർ (35) പൊലീസ് പിടിയിലായി.
വെളളിയാഴ്ച രാവിലെ ദക്ഷിണ കൊൽക്കത്തയിലെ ടോളിഗഞ്ചിന് സമീപം റീജന്റ് പാർക്ക് പരിസരത്ത് മാലിന്യകൂമ്പാരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോളിത്തീൻ ബാഗിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയതോടെ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ശനിയാഴ്ച കുളത്തിന് സമീപത്തുനിന്നും ശരീരഭാഗങ്ങൾ കണ്ടെത്തി.
ലസ്കറിനൊപ്പം നിർമാണ ജോലികൾക്കായി പൊവുകയായിരുന്നു യുവതി. പ്രതി നിരന്തരം യുവതിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ഇത് നിരസിച്ചതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. രണ്ട് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു യുവതി.
പ്രണയാഭ്യർത്ഥന തുടർന്നതോടെ യുവതി ലസ്‌കറിനെ അവഗണിച്ചിരുന്നു. ഫോൺ നമ്പർ ബ്ലോക്കും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലേക്ക് ലസ്കർ യുവതിയെ നിർബന്ധിച്ച് കൊണ്ടുപോയി. അവിടെ വെച്ച് പ്രതി യുവതിയെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം മൂന്ന് കഷണങ്ങളാക്കി മാലിന്യ കൂമ്പാരത്തിൽ നിക്ഷേപിച്ചുവെന്നും പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..